തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് ഭരണപരിഷ്കാര കമ്മീഷന്‍. എസ്.സി-എസ്.ടി അതിക്രമം തടയല്‍ നിയമത്തിന് കീഴിലുള്ള കേസുകളുടെ ശിക്ഷാനിരക്ക് വളരെ കുറവാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്കാര കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാറിനെതിരായ കുറ്റപ്പെടുത്തല്‍. അക്കമിട്ട കണക്കുകള്‍ നിരത്തിയാണ് ഭരണ പരിഷ്കാര കമ്മീഷന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്.
2018 അവസാനം വരെയുള്ള കണക്ക് പരിശോധിച്ചാല്‍ പട്ടികജാതി വിഭാഗവുമായി ബന്ധപ്പെട്ട 2594 കേസുകളിലും ആദിവാസികളുടെ 448 കേസുകളിലും വിചാരണ പൂര്‍ത്തിയായില്ല. 2017ല്‍ ഇരകളില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് നിശ്ചിത സമയത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2018ല്‍ 1583 കേസ് രജിസ്റ്റര്‍ ചെയ്തതില്‍ 608ല്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ ഇത് 283ല്‍ 175 കേസിലാണ് കുറ്റപത്രം നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ പ്രവണത അവസാനിപ്പിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.
കേസുകളില്‍ ശാസ്ത്രീയവും ശക്തവുമായ അന്വേഷണമ നടക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. പ്രതികള്‍ കുറ്റമുക്തരാകുന്നത് ഇരകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. അത് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും. അതിനാല്‍ കേസന്വേഷണം മെച്ചപ്പെടുത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും കമ്മീഷന്റെ ശിപാര്‍ശയിലുണ്ട്. ശിക്ഷാനിരക്ക് മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നതിന് താലൂക്ക്-പഞ്ചായത്ത് തലത്തില്‍ അഭിഭാഷകരുടെ പാനലുണ്ടാക്കണമെന്നും ഭരണ പരിഷ്കാര കമ്മീഷന്‍ ആവശ്യപ്പെടുന്നു.