തൃശ്ശൂര്‍ : ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് വി.ഡി സതീശന്‍ എം എല്‍ എ. ബജറ്റില്‍ സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചിട്ട് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണിടത്ത് കിടന്ന് ഉരുളുകയാണെന്നായിരുന്നു ഫെയ്സ് ബുക്കിലൂടെയുള്ള വി.ഡി സതീശന്റെ വിമര്‍ശനം.
അതേസമയം കേന്ദ്രം വാക്‌സിന്‍ സൗജന്യമായി തരുന്നില്ലെങ്കില്‍ സാമ്പത്തിക ശേഷിയുള്ളവര്‍ വാക്സിനെടുക്കുമ്പോള്‍ പണം സംഭാവനയായി നല്‍കണമെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്സിന്‍ ചലഞ്ചിന് നാം പിന്തുണ നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബജറ്റില്‍ സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചിട്ട് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണിടത്ത് കിടന്ന് ഉരുളുന്നു. ബജറ്റ് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്. കേന്ദ്രം സൗജന്യമായി വാക്സിന്‍ തരുമെന്ന് പറഞ്ഞിട്ടും വെറുതെ ഒരു പ്രഖ്യാപനം കൂടി സംസ്ഥാനത്തിന്റെ വക. ഇനി പണം കയ്യിലില്ലെങ്കില്‍, കേന്ദ്രം തരുന്നില്ലെങ്കില്‍ സാമ്പത്തിക ശേഷിയുള്ളവര്‍ വാക്സിനെടുക്കുമ്പോള്‍ പണം സംഭാവനയായി നല്‍കണമെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്സിന്‍ ചലഞ്ചിന് നാം പിന്തുണ നല്‍കുകയും വേണം. എന്നിട്ടും ധനമന്ത്രി പറയുന്നത് ഖജനാവില്‍ ഇഷ്ടം പോലെ പണം ബാക്കിയുണ്ടെന്നാണ് !!!ഇതൊന്നും ചേരുംപടി ചേരുന്നില്ലല്ലോ!!!