തിരുവനന്തപുരം : നിയമസഭയ്ക്കുള്ളിലും പുറത്തും ഒരു ചോദ്യത്തിനും മറുപടി നല്‍കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയാല്‍ പ്രതിപക്ഷവും പദ്ധതിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.
പിണറായി വിജയന്‍ 16 വര്‍ഷം വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ മോദിയുടെ ശൈലിയാണ് പിന്തുടരുന്നത്. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നിയമം പാസാക്കിയപ്പോള്‍ ലഡു വിതരണം നടത്തിയവരാണ് ഇപ്പോള്‍ ഒരു വാശിയും ഇല്ലെന്നു പറയുന്നത്. അന്നും ഇന്നും യു.ഡി.എഫ് ഇക്കാര്യത്തില്‍ ഒരു നിലപാടാണ് സ്വീകരിച്ചത്. തെറ്റായകാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് സതീശന്‍ പറഞ്ഞു.