തിരുവനന്തപുരം: കൊവിഡ് മൂലം മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്നുമുതല്‍ വെളിപ്പെടുത്തുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ്. എന്തിനാണ് ഇത്രനാളും മരണങ്ങള്‍ ഒളിച്ചുവച്ചതെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോട് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ചോദ്യം. ഫേസ് ബുക്കിലൂടെയാണ് സതീശന്‍ മന്ത്രിക്കെതിരേ പ്രതികരിച്ചത്.
”കൊവിഡ് മൂലം മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് മുതല്‍ വെളിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി. സര്‍ക്കാരിനോട് ഒരു ചോദ്യം? കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ചുവെച്ചത്?”- എന്നായിരുന്നു പ്രതിപക്ഷ നേതാവ് ഫേസ് ബുക്കില്‍ കുറിച്ചത്.
കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കുറച്ചുകാണിക്കുകയാണെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഇതേ ആരോപണം ഉയര്‍ന്നുവന്നു. എന്നാല്‍ മരണങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടില്ലെന്നും ചക്ക വീണ് മരിച്ചവരെയും കൊവിഡ് കണക്കില്‍ ഉള്‍പ്പെടുത്തണോ എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പ്രതിപക്ഷത്തെ തിരിച്ചടിച്ചു. കൊവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രിംകോടതി വിധി വന്നതോടെ മരണക്കണക്ക് സുപ്രധാന വിഷയമായി വന്നു. തുടര്‍ന്നാണ് വീണാ ജോര്‍ജ് കണക്കുകള്‍ ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രസ്താവനയിറക്കിയത്.