തിരുവനന്തപുരം : കോവിഡ് മരണക്കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചു കാണിക്കുന്നു എന്ന ആരോപണം കുറച്ചു കാലമായി നിലനില്‍ക്കുന്നുണ്ട്. ഈ ആരോപണം ശക്തമായി സഭയില്‍ ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂട്ടരുമായിരുന്നു. എന്നാല്‍ ഇക്കാര്യം സഭയില്‍ ഉയര്‍ത്തിയപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. കണക്കില്‍ കള്ളമില്ലെന്നായിരുന്നു ഇവരുടെ വാദം. എന്തായാലും ഈ വാദം അധികം വിലപ്പോയില്ല. മുഖ്യമന്ത്രി തന്നെ കോവിഡ് മരണക്കണക്കുകളില്‍ പുനപ്പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് ഇപ്പോള്‍.
ആശുപത്രികള്‍ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടും സംസ്ഥാന തലത്തില്‍ സ്ഥിരീകരിക്കാന്‍ ബാക്കിയുള്ള മരണങ്ങള്‍ പരിശോധിച്ചു തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്കു മറച്ചുവയ്ക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണു നടപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷവും തിരുത്തല്‍ ആവശ്യപ്പെട്ടിരുന്നു.
മരണക്കണക്കുകളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 7നു ചേര്‍ന്ന അവലോകനയോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനം. സ്ഥിരീകരിക്കാന്‍ ബാക്കിയുള്ള മരണങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അറിയുന്നു.
ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ അടിസ്ഥാനത്തില്‍ മരണക്കണക്ക് പ്രസിദ്ധീകരിക്കാന്‍ ഐടി, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്നു പുതിയ സോഫ്റ്റ്‌വെയറിനും രൂപം നല്‍കി. മരണം സ്ഥിരീകരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഉടന്‍ തയാറാക്കും. കോവിഡ് മരണക്കണക്കുകള്‍ ഒളിപ്പിക്കരുതെന്നു സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നിട്ടും മരണങ്ങള്‍ സംസ്ഥാനതലത്തില്‍ പരിശോധിച്ച് ഒഴിവാക്കുന്ന രീതി സര്‍ക്കാര്‍ തുടര്‍ന്നു പോരുകയായിരുന്നു.
ഈ നിയമസഭാ സമ്മേളനത്തിലായിരുന്നു വിഷയം വീണ്ടും ഉയര്‍ന്നുവന്നത്. ആഗോളതലത്തില്‍ തന്നെ കേരളത്തിലാണ് ഏറ്റവും കുറഞ്ഞ മരണ നിരക്കെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ കണക്കുകള്‍ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം മറുപടി നല്‍കിയതോടെയാണ് സഭയില്‍ ബഹളം ഉണ്ടാകുകയും ചെയ്തു. അടിയന്തര പ്രമേയ നോട്ടീസില്‍ പറഞ്ഞ പ്രധാനപ്പെട്ടകാര്യം മരണ നിരക്കിലെ ആശങ്കയായിരുന്നു.
മരണ കാരണം നിശ്ചയിക്കേണ്ടത് മാനേജ്‌മെന്റ് കമ്മിറ്റിയല്ല മറിച്ച് ഡോക്ടര്‍മാരാണ്. ഡോക്ടര്‍മാര്‍ മരണ കാരണം നിശ്ചയിക്കുന്നതിലേക്ക് സംവിധാനം മാറണമെന്നായിരുന്നു അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതുപോലെ 41 മുതല്‍ 59 വയസുവരെയുള്ളവരുടെ മരണനിരക്ക് വളരെ ആശങ്കയുണ്ടാക്കുന്നതായും അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഈ വിഷയം കാര്യകാരണ സഹിതം ബോധ്യപ്പെടുത്തിയതുകൊണ്ടു കൂടിയാണ് സര്‍ക്കാര്‍ തിരുത്തലിന് തയ്യാറായത്.
അതിനിടെ മരണക്കണക്കില്‍ കൃത്രിമം നടക്കുന്നുവെന്ന പരാതികളെത്തുടര്‍ന്നു യഥാര്‍ഥ മരണങ്ങളെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാടിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിഹാറില്‍ ആരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ കണക്കുകള്‍ പുനഃപരിശോധിച്ചപ്പോള്‍ മരണങ്ങളുടെ എണ്ണം 5424ല്‍ നിന്ന് 9429 ആയി ഉയര്‍ന്നു.