തിരുവനന്തപുരം: കള്ളന്‍മാര്‍ മുഖ്യമന്ത്രിയുടെ ക്യാബിനില്‍ ഒളിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമായെന്നും വി ഡി സതീശന്‍ എംഎല്‍എ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരും എംഎല്‍എമാരും ഇപ്പോള്‍ ശിവശങ്കര്‍ എന്ന ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ദുര്‍ഗന്ധം വമിപ്പിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. തങ്ങളാരും ഒന്നും അറിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. ഭരിക്കുന്ന നിങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ആര് അറിയും എന്നും സതീശന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. തിരുവനന്തപുരം വിമാനത്താവള ലേലത്തില്‍ സര്‍ക്കാര്‍ അദാനിയുമായി ഒത്തുകളിച്ചു. ടെൻഡർ തുക അദാനിക്ക് സര്‍ക്കാര്‍ ചോര്‍ത്തി കൊടുക്കുകയായിരുന്നു. എന്നിട്ടിപ്പോള്‍ സമരം നടത്തുകയാണെന്നും സതീശന്‍ ചോദിച്ചു.
നിമവകുപ്പും ധനവകുപ്പും അറിയാതെ, സര്‍ക്കാര്‍ അറിയാതെ ഒരു ഉദ്യോഗസ്ഥന്‍ വിദേശ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചില്ലേ? മുഖ്യമന്ത്രി അന്നതിനെ ന്യായീകരിച്ചില്ലേ, എല്ലാം കോവിഡിന്റെ മറവിലാണ്. മര്യാദയ്ക്ക് ഒരു എഗ്രിമെന്റ് പോലും വെയ്ക്കാതെ നമ്മുടെ നാട്ടിലെ രോഗികളുടെ ഡാറ്റാ ഒരു അമേരിക്കന്‍ കമ്പനിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. വിഷയം കോടതിയില്‍ എത്തിയപ്പോള്‍ മലക്കംമറിഞ്ഞു. ആമസോണ്‍ ക്ളൗഡില്‍ നിന്ന് ഡാറ്റാ സിഡിറ്റിന്റെ ക്ളൗഡിലെത്താന്‍ രണ്ടാഴ്ചയേ എടുത്തുള്ളൂ. കോവിഡ് പ്രതിരോധത്തില്‍ നിന്ന് എല്ലാവരെയും മാറ്റിനിര്‍ത്തി. പി ആര്‍ ഏജന്‍സികളെ കൊണ്ട് നിങ്ങള്‍ ലോകമെമ്പാടും പ്രചാരണം നടത്തി അതിന്റെ ക്രഡിറ്റ് അടിച്ചെടുക്കാന്‍ നോക്കി. കൂടുതലൊന്നും പറയുന്നില്ല. പ്രധാനപ്പെട്ട വിഷയങ്ങള്‍ പോലും മന്ത്രിമാര്‍ അറിയുന്നില്ല. മന്ത്രിമാര്‍ ക്യാബിനെറ്റില്‍ ചോദ്യങ്ങള്‍ ചോദിക്കണം.
ഈ സര്‍ക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിലാണ്. നിങ്ങള്‍ അവിടെ കൊണ്ട് വെച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ വലത്ത് എന്‍.ഐ.എയും ഇടത്ത് കസ്റ്റംസും പുറകില്‍ കേന്ദ്ര ആദായനികുതി വകുപ്പും മുന്നില്‍ എന്‍ഫോഴ്സ്മെന്റുമാണ്. മുകളിലേക്ക് നോക്കിയാല്‍ സിബിഐ എപ്പോഴാണ് ലാന്‍ഡ് ചെയ്യുന്നതെന്ന് അറിയില്ല. സ്വര്‍ണ്ണക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലേകാല്‍ കോടിയാണ് സ്വപ്നയ്ക്ക് കമ്മീഷന്‍ കിട്ടിയതെന്ന് ധനമന്ത്രി ഒരു ചാനലില്‍ പറഞ്ഞു. എന്നാല്‍ അഞ്ച് കോടിയാണ് നല്‍കിയത്. ബെവ്കോ ആപ്പിന്റെ ചുമതല ഏല്‍പ്പിച്ച സഖാവിനും ഈ അഞ്ച് കോടിയുമായി ബന്ധമുണ്ടെന്നും സതീശന്‍ ആരോപിച്ചു.
ലൈഫ് പ്രോജക്ടിന്റെ 46 ശതമാനം കോഴയായി കൊടുത്തെന്നും സതീശന്‍ ആരോപിച്ചു. നൂറുകണക്കിന് കണ്‍സള്‍ട്ടണ്‍സികളാണെയാണ് സര്‍ക്കാര്‍ പല പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തിയത്. കണ്‍സള്‍ട്ടണ്‍സി തെറ്റൊന്നുമല്ല. പക്ഷെ, ഗവണ്‍മെന്റത് ദൗര്‍ബല്യമായി കൊണ്ടുനടക്കുന്നു. ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളം പറ്റുന്ന നൂറുകണക്കിനാളുകള്‍ സര്‍ക്കാരിലുണ്ട്. കണ്‍സള്‍ട്ടണ്‍സിയുടെ മറവിലാണ് ഇവര്‍ കടന്നുകൂടിയത്. കണ്‍സള്‍ട്ടണ്‍സി രാജാണ് നടക്കുന്നത്. അതിനെക്കുറിച്ച് ധവളപത്രം സര്‍ക്കാര്‍ ഇറക്കുമോ. മറ്റുള്ളവരുടെ മുന്നില്‍ മലയാളി അപമാനിതനായി. അതുകൊണ്ട് ഇതൊരു ജനകീയ വിചാരണയാണ്. ഇത് ജനങ്ങളുടെ പ്രതിഷേധമാണ്. ഇത് സഭയില്‍ രേഖപ്പെടുത്തണം എന്ന് പറഞ്ഞാണ് സതീശന്‍ പ്രമേയം അവസാനിപ്പിച്ചത്.