തിരുവനന്തപുരം : അധിനിവേശത്തിനെതിരെ പോരാടിയവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയും അധിനിവേശക്കാരന്‍റെ ചെരുപ്പ് നക്കി കാര്യങ്ങള്‍ നേടിയവരെ മഹത്വ വല്‍ക്കരിക്കുകയും ചെയ്യുന്നതാണ് പുതിയ ചരിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒറ്റുകാരെ സ്വാതന്ത്ര്യ സമരസേനാനികളായി ആദരിക്കേണ്ട ഗതികേടിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സമരനായകന്‍ നെല്ലിക്കുന്നത്ത് ആലി മുസ്ലിയാരുടെ 100ാം രക്തസാക്ഷി ദിനത്തിന്‍റെ ഭാഗമായി ശുഹൈബ് കള്‍ചറല്‍ ഫോറം വേങ്ങര സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ വളച്ചൊടിക്കുകയും മാറ്റിയെഴുതുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. ഇത് ഫാസിസ്റ്റ് രീതിയാണ്. രാജ്യം ഭരിക്കുന്നവര്‍ ഇതുതന്നെയാണ് ചെയ്യുന്നതെന്നും നെഹ്‌റുവിനില്ലാത്ത പ്രാധാന്യം സവര്‍ക്കറിന് നല്‍കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.