തിരുവനന്തപുരം : വ്യാപാരികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ സമീപനം ഇതാണെങ്കില്‍ നാളെ നടക്കുന്ന വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് വര്‍ഷമായതു കൊണ്ടു തന്നെ ലോക് ഡൗണില്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ഇത്തവണ ഒന്നും നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പറവൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
നിരവധി വീടുകളില്‍ ജപ്തി നോട്ടീസ് ലഭിച്ചിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ അവസ്ഥയില്‍ കട പോലും തുറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോഴുള്ള വ്യാപാരികളുടെ സ്വാഭാവിക പ്രതിഷേധമാണ് ഇപ്പോള്‍ കാണുന്നത്. ലോക് ഡൗണ്‍ തുടരുന്നതില്‍ സര്‍ക്കാരിലെ തന്നെ വിദഗ്ധര്‍ക്ക് രണ്ട് അഭിപ്രായമാണ്. കട തുറക്കുന്നതിലെ നിയന്ത്രണങ്ങളിലെ ശാസ്ത്രീയ എന്താണെന്നും അദ്ദേഹം ചോദിച്ചു.
തിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പക്ഷേ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ അനുസരിച്ച് തിരക്ക് കൂടുകയാണ് ചെയ്യുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കേരളത്തിലെ കടകളില്‍ വലിയ ആള്‍ക്കൂട്ടമാണ്. ഇതിനെതിരേയാണ് വ്യാപാരികള്‍ പരാതി കൊടുത്തത്. കടക്കെണിയില്‍ പെട്ട മനുഷ്യര്‍ പ്രതികരിക്കുമ്പോള്‍ മുഖ്യമന്ത്രി അവരെ വിരട്ടുന്നത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.
” ഇത് കേരളമാണ് അങ്ങനെയാരും വിരട്ടാന്‍ നോക്കണ്ട, അങ്ങനെ പേടിപ്പിച്ചിട്ട് ഇവിടെ ഭരിക്കാമെന്ന് ആരും വിചാരിക്കണ്ട. ആ രീതി മുഖ്യമന്ത്രി കൈവിടണം, അത് മുഖ്യമന്ത്രിയുടെ പഴയ രീതിയാണ് അത് ഇവിടെ എടുക്കേണ്ട. അത് പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ എടുക്കേണ്ട രീതിയാണ്. മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് സമരം ചെയ്യുന്നവരെ വിരട്ടി അത് ചെയ്തു കളയും ഇത് ചെയ്തുകളയും എന്നൊന്നും പേടിപ്പിക്കണ്ട ഞങ്ങളവര്‍ക്ക് പിന്തുണ കൊടുക്കും”- വി.ഡി. സതീശന്‍ പറഞ്ഞു.
ന്യായമായി സമരം ചെയ്യുന്നവരുടെ അവകാശത്തെ മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലില്ല. ഈ കാലഘട്ടത്തില്‍ ആളുകളെ സഹായിക്കുന്നതിന് പകരം വിരട്ടാന്‍ ഇറങ്ങുന്നത് ശരിയല്ല. കോവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് പ്രതിപക്ഷം നിരുപാധികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ ഭാഷയില്‍ സര്‍ക്കാര്‍ പ്രതികരിച്ചാല്‍ അത് ഉണ്ടാകില്ല.
കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ സര്‍ക്കാര്‍ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വെറുതെ ഉദ്യോഗസ്ഥന്‍മാര്‍ എഴുതിക്കൊണ്ടു വരുന്നതിനിടയില്‍ ഒപ്പ് വെയ്ക്കാനല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്നത്, ജനങ്ങളുടെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ പരിശോധിച്ചാണ് അത് നടപ്പിലാക്കേണ്ടത്, ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അതില്ല” വി.ഡി. സതീശന്‍ പറഞ്ഞു.