തിരുവനന്തപുരം : കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതിക സുഭാഷിനെതിരെ പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ വി. ഡി സതീശൻ. ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടതായിരുന്നു. അത്തരത്തിലൊരു പ്രതിഷേധം ലതികയ്ക്ക് ഒഴിവാക്കാമായിരുന്നു. കലാപക്കൊടി ഉയർത്തുന്നവർ പുനഃരാലോചിക്കണമെന്നും വി. ഡി സതീശൻ പറഞ്ഞു. ലതികയുമായി അടുത്ത ബന്ധമാണുള്ളത്. ഏറ്റുമാനൂർ സീറ്റ് മതിയെന്നായിരുന്നു അവരുടെ ആവശ്യം.
അവരെ സംബന്ധച്ചിടത്തോളം ഏറ്റുമാനൂർ സീറ്റ് ന്യായമാണ്. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെട്ടിരുന്നു. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവർക്ക് ഒഴിവാക്കാൻ സാധിക്കാത്ത സീറ്റായിരുന്നു ഏറ്റുമാനൂരെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയത്തിൽ ചില വീഴ്ചകളുണ്ടായി. ഒരു പത്ത് സീറ്റ് ഒഴിച്ചാൽ ബാക്കി സ്ഥാനാർത്ഥി നിർണയം മികച്ചതാണെന്നും വി. ഡി സതീശൻ കൂട്ടിച്ചേർത്തു.