തിരുവനന്തപുരം : മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ശിവൻകുട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ചത്. സഭ ബഹിഷ്കരിച്ചതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എം.എൽ.എമാർക്ക് പ്രത്യേകിച്ച് കൊമ്പൊന്നുമില്ല ഏത് പൗരനും ക്രിമിനൽ കുറ്റം ചെയ്താൽ വിചാരണയ്ക്ക് വിധേയരാകണം എന്നതു പോലെ തന്നെയാണ് എം.എൽ.എമാരുടെയും കാര്യമെന്നും സതീശൻ പറഞ്ഞു. കയ്യാങ്കളിക്കേസിലെ എം.എൽ.എമാർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പോയ ഈ സർക്കാർ സംസ്ഥാനത്തെ ദേശീയതലത്തിൽ നാണംകെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെയും ഇന്നുമായി ദേശീയ മാധ്യമങ്ങളിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ഡയസ്സിൽ കയറി അവിടെയുള്ള സാധനങ്ങൾ മുഴുവൻ തല്ലിത്തകർക്കുന്ന, എം.എൽ.എമാർ ഇരിക്കുന്ന ഡെസ്കിന്റെയും ബെഞ്ചിന്റെയും മീതേകൂടി പറന്നു നടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതാണോ കേരളത്തിലെ പൊതുവിദ്യാഭ്യാസ മന്ത്രി? ഈ മന്ത്രിയാണോ കേരളത്തിലെ കുട്ടികൾക്ക് മാതൃക കൊടുക്കാൻ പോകുന്നത്?. ഈ വിദ്യാഭ്യാസമന്ത്രിയെ കണ്ടാണോ കേരളത്തിലെ കുട്ടികൾ പഠിക്കേണ്ടതെന്നും സതീശൻ ആരാഞ്ഞു.
കേരള നിയമസഭയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും ഹീനമായ അതിക്രമം നടത്തിയ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് തക്കതായ തിരിച്ചടി നൽകി ആ അപ്പീൽ തള്ളി സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. ആ വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേസിൽ പ്രതിയായ മന്ത്രി ശിവൻകുട്ടി കയ്യുംകെട്ടി വിചാരണ കോടതിയിൽ പ്രതിയായിനിന്ന് വിചാരണ നേരിടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
കേരളത്തിന്റെ ഉദാത്തമായ നിയമപാരമ്പര്യവും ധാർമികതയും അനുസരിച്ച് ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങൾ അനുസരിച്ച് മന്ത്രി രാജിവെയ്ക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ദൗർഭാഗ്യവശാൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ വന്ന് സുപ്രീം കോടതി വിധിക്കെതിരായ പ്രസംഗമാണ് നടത്തിയത്. ഇന്ത്യയിലെ ഏത് പൗരനും പരമോന്നത നീതിപീഠത്തിന്റെ അന്തിമ ഉത്തരവുകൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ മുഖ്യമന്ത്രി ഒരു വശത്ത് ഈ ഉത്തരവ് അനുസരിക്കും എന്നു പറയുകയും മറുവശത്ത് ആ ഉത്തരവിനെ വെല്ലുവിളിച്ചു കൊണ്ട് ആ ഉത്തരവിന്റെ വിശദമായ ഭാഗങ്ങളെ ചോദ്യം ചെയ്തുകൊണ്ടുമാണ് മുഖ്യമന്ത്രി പ്രസംഗം നടത്തിയതെന്നും സതീശൻ വിമർശിച്ചു.
ചില വക്കീലന്മാർ വാദം കഴിഞ്ഞ് കേസും തള്ളി കോടതിയും പിരിഞ്ഞതിനു ശേഷം കോടതിവരാന്തയിൽ വന്ന് വാദങ്ങൾ അവതരിപ്പിക്കുന്നതു പോലെ ആണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ വന്ന് വാദങ്ങൾ അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അദ്ദേഹം പറഞ്ഞ ഒരു കാര്യവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.