കോട്ടയം: മാസപ്പടി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടുത്തിടെ പുറത്തുവന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി ഉള്‍പ്പടെ ആറ് അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാക്കുമെന്ന് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എഐ ക്യാമറ, കെ ഫോണ്‍, മാസപ്പടി വിവാദം തുടങ്ങിയ കാര്യങ്ങളില്‍ ആരോപണം ഉയരുമ്പോള്‍ മറുപടി പറയേണ്ടവര്‍ ഓടിയൊളിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരം പറയേണ്ട ആളാണ്. രണ്ടുപേരും ഒന്നും പറയുന്നില്ല. എന്നിട്ട് പാര്‍ട്ടി പറയുമെന്നാണ് പറയുന്നത്. മാസപ്പടി വിവാദത്തില്‍ ഗോവിന്ദനാണോ മറുപടി പറയേണ്ടത്. എംവി ഗോവിന്ദന്‍ ആ കമ്പനിയുടെ പാര്‍ട്ട്ണറൊന്നുമല്ലല്ലോ. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും സതീശന്‍ പറഞ്ഞു.