റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്, ആയുഷ് ഹോമിയോപ്പതി വകുപ്പ്, പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെ ‘ഒപ്പം’ എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണ പദ്ധതി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജെയിംസ് നിര്‍വഹിച്ചു.
വെച്ചൂച്ചിറ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണ ഹെല്‍ത്ത് കാര്‍ഡും ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. ഓരോ 21 ദിവസവും ബൂസ്റ്റര്‍ ഡോസ് നല്‍കുകയും ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ഹെല്‍ത്ത് കാര്‍ഡ് പദ്ധതി സംസ്ഥാനത്ത് ആദ്യമായാണ് നടപ്പാക്കുന്നത്. ഐ.സി.ഡി.എസ്, ആശാ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് വോളന്റിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം, വിവര ശേഖരണം, ബോധവല്‍ക്കരണം എന്നിവ നടത്തുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജു കുമാര്‍, വനിതാ ശിശു വികസന ക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ പി.എസ് തസ്നീം, വൈസ് പ്രസിഡന്റ് നിഷ അലക്സ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ രമാദേവി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഈ.വി വര്‍ക്കി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പൊന്നമ്മ ചാക്കോ, ഷാജി കൈപ്പുഴ, ഹോമിയോപ്പതി ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.രജികുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്നി, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ റോസമ്മ, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.