റാന്നി: വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന വെർച്വൽ മാരത്തൺ ശനിയാഴ്ച (21.12.24) നടക്കും. എരുമേലി പഞ്ചായത്തിലെ നെടുങ്കാവ് വയലിൽ നിന്നും ആരംഭിച്ച് പഴവങ്ങാടി പഞ്ചായത്തിലെ ഇടമണ്ണിൽ സമാപിക്കും. വിദ്യാലയം സമൂഹത്തിലേക്ക് എന്ന സന്ദേശമുയർത്തി എരുമേലി, വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 42 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന വെർച്വൽ മാരത്തണിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ, ജനപ്രതിനിധികൾ, പൗര പ്രമുഖർ എന്നിവർ പങ്കാളികളാകും. നാല് ടീമുകൾ അടങ്ങുന്ന ക്ലസ്റ്ററുകളാണ് ഓരോ വാർഡിലും വെർച്വൽ മാരത്തണിന് നേതൃത്വം നൽകുക. വിദ്യാലയത്തിന്റെ പുതിയതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബ്രിക്സ് ചാലഞ്ചിലൂടെ സമാഹരിക്കുന്ന തുക മാരത്തൺ ടീം ഏറ്റു വാങ്ങും.
മാരത്തണിന് മുൻപായുള്ള ഭവന സന്ദർശനങ്ങൾ 14,15 തീയതികളിലായി നടന്നു. വാർഡ് തലത്തിൽ നടന്ന ക്ലസ്റ്റർ യോഗങ്ങളുടെ ഉദ്ഘാടനം കക്കുടക്കയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ബോബൻ മോളിക്കൽ അധ്യക്ഷത വഹിച്ചു. പി ടി മാത്യു, എസ് അമ്പിളി എന്നിവർ പ്രസംഗിച്ചു. 20 ന് കുട്ടികളുടെ നേതൃത്വത്തിൽ വെർച്വൽ മാരത്തൺ വിളംബര റാലി നടക്കും. വെർച്വൽ മാരത്തണിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ജോർജ് സംഘാടക സമിതി ഭാരവാഹികളായ അലീന ജോൺ, സെലിൻ പി രാജൻ, എസ്. അമ്പിളി എന്നിവർ അറിയിച്ചു.