റാന്നി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും ‘സ്വച്ഛ്ത ഹി സേവ’ ക്യാമ്പയിന്റെയും ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസും ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സതീഷ് പണിക്കരും ചേർന്ന് നിർവഹിച്ചു. ഓക്ടോബർ 2-ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചയാത്തായി പ്രഖ്യാപിക്കുന്നതിന്റെ വിളംബരമെന്ന നിലയിലാണ് ഗ്രാമ പഞ്ചായത്ത് ലോഗോ പ്രകാശനം നടത്തിയത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ നവോദയ വിദ്യാലയത്തിൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് ആരംഭിക്കുന്നതാണ്. വെച്ചൂച്ചിറ മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള തുമ്പൂർമുഴി ജൈവ മാലിന്യ പ്ലാന്റ്, വിവിധ ഇടങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ, നവോദയ പെരുന്തേനരുവി റോഡ് സൗന്ദര്യ വൽക്കരണം, പോളിടെക്ക്നിക്കിൽ ജൈവവൈവിധ്യ പാർക്ക് നിർമ്മാണം എന്നിവയ്ക്ക് അന്നേ ദിവസം തുടക്കം കുറിക്കും എന്നും പ്രസിഡന്റ് പറഞ്ഞു.
2025 മാർച്ച് 30ന് മുൻപായി ഗ്രാമ പഞ്ചായത്തിന് സമ്പൂർണ സുചിത്വ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനായി സ്ഥലപരിമിതിയിൽ താമസിക്കുന്നവർക്ക് ഗാര്‍ഹിക ജൈവമാലിന്യം കമ്പോസ്റ്റ് വളമാക്കുന്നതിന് 400 ജീബിന്നുകൾ, വിവിധ വാർഡുകളിലായി 60 മിനി എംസിഎഫുകൾ, മാലിന്യം വലിച്ചെറിയുന്ന ഇടങ്ങളിൽ സി.സി ക്യാമറകൾ സ്ഥാപിക്കൽ ,മെൻസ്ടുൽ കപ്പ് വിതരണം, ബസ് സ്റ്റാന്‍ഡിലും സ്കൂളുകളിൽ സാനിട്ടറിപാഡ് ഇൻസിനേറ്റർ ആൻഡ് വെൻഡിംഗ് മെഷീൻ സ്ഥാപിക്കൽ തുടങ്ങിയ വിവിധ പ്രോജക്ടുകളും ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്നതാണ്. പഞ്ചായത്ത്തല നിർവ്വഹണ സമിതി രുപികരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സതിഷ് പണിക്കർ, പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷ രമാദേവി, ഭരണസമിതി അംഗം ഷാജി കൈപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.