റാന്നി : ആർത്തവ ശുചീകരണത്തിനായി ആറിടങ്ങളിൽ ഓട്ടോമാറ്റിക് സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ ആൻഡ് ഇൻസിനിനേറ്ററും സ്ഥാപിച്ച് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും ഹൈടെക്കായി. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെയും ക്ലീൻ വാട്ടർ ക്ലീൻ വെച്ചൂച്ചിറ പ്രോജക്റ്റിന്റെയും ഭാഗമായാണ് സാനിറ്ററി പാഡ് വെൻഡിങ് ഇൻസുലേറ്റർ സ്ഥാപിച്ചത്. വെച്ചൂച്ചിറ ബസ് സ്റ്റാന്‍ഡ് ശൗചാലയ സമുച്ചയം, പഞ്ചായത്ത് ഓഫീസ് സമുച്ചയം, സെൻറ് തോമസ് ഹൈസ്കൂൾ, എസ് എൻ ഡി പി ഹൈസ്കൂൾ, എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂൾ, എം ടി വി എച്ച്എസ്എസ് കുന്നം, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂള്‍ കോളനി മണ്ണടിശ്ശാല, ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ കൊല്ലമുള എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്. 6 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. നാണയം ഇട്ട് ആവശ്യക്കാർക്ക് സാനിറ്ററി പാടുകൾ എടുക്കുവാനും ഉപയോഗിച്ചത് കത്തിച്ചുകളയുവാനും ഉള്ള യൂണിറ്റുകളാണ് സ്ഥാപിച്ചത്. അടുത്ത ഘട്ടമായി 85 ലക്ഷം രൂപ മുടക്കി വീടുകളിലും സ്ഥാപനങ്ങളിലും ഇപ്പോൾ സംസ്കരിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാനിറ്ററി പാഡ്, പാമ്പേഴ്സ്, സ്നഗ്ഗി തുടങ്ങിയവ ശേഖരിച്ച് സംസ്കരിക്കുന്നതിന് കമ്മ്യൂണിറ്റി ഇൻസിനേറ്റർ സ്ഥാപിക്കാൻ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സംവിധാനം ഏർപ്പെടുത്തിയ അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നായി മാറുകയാണ് വെച്ചൂച്ചിറ.
ജവഹർ നവോദയ സ്കൂളിലെ പ്രതിദിനം ഉപയോഗിക്കുന്ന ഒന്നര ലക്ഷം ലിറ്റർ വെള്ളം പുനരുപയോഗിക്കുന്നതിന് ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഒന്നരക്കോടി രൂപ മുടക്കി നിർമ്മിക്കും. ഇതിന്‍റെ പ്രോജക്ട് പാസായിട്ടുണ്ട്. നവോദയയില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ഉപയോഗത്തിനായി തുറന്നു കൊടുത്തിട്ടുണ്ട് എന്നും വെച്ചുച്ചിറ ബസ് സ്റ്റാൻഡ് ശൗചാലയ സമുച്ചയത്തിൽ സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ & ഇൻസി നേറ്റർ ഉദ്ഘാടനം നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് പറഞ്ഞു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ എസ് രമാദേവി, ഇ വി വർക്കി, പഞ്ചായത്ത് അംഗങ്ങളായ ടി കെ രാജൻ, രാജി വിജയകുമാർ. പ്രസന്നകുമാരി, എലിസബത്ത് തോമസ് എന്നിവർ പ്രസംഗിച്ചു