റാന്നി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 25 ഗ്രാം കഞ്ചാവുമായി യുവതിയെ വെച്ചൂച്ചിറ പോലീസ് പിടികൂടി. വെച്ചൂച്ചിറ തോമ്പികണ്ടം മെനക്കേട്മുക്ക് തടിയിൽ വീട്ടിൽ ബെറ്റി എന്ന് വിളിക്കുന്ന ബിന്ദു (42) വിനെയാണ് അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രികരിച്ച് ഇവർ കഞ്ചാവ് വില്പന നാളുകളായി നടത്തി വന്നിരുന്നതായി പരാതിയുണ്ട്. ഇന്നലെ വൈകുന്നേരം 7മണിയോടെ വീട്ടിൽ വെച്ചാണ് ബിന്ദുവിന്റെ കൈയിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചത്. പോലീസ് സ്റ്റേഷനിൽ ഹാജരാക്കി തുടർ നടപടികൾക്ക് ശേഷം ബിന്ദുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ എസ് ഐ അൻസാരി, എസ് സി പി ഓ ശ്യാം മോഹൻ , സി പി ഓമാരായ അഞ്ജന, അനുകൃഷ്ണൻ, ഷീൻരാജ് എന്നിവർ പങ്കെടുത്തു.
2021 ൽ റാന്നി എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയാണ് ബിന്ദു. പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ വാഹനങ്ങളിലും മറ്റും വിദ്യാർത്ഥികൾ ഉൾപ്പെടെ ആവശ്യക്കാരെത്തുന്നതായും പറയുന്നു. മുമ്പ് പോലീസ് പരിശോധനക്കെത്തിയപ്പോൾ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ മുതിർന്ന സംഭവവുമുണ്ടായി. ഏറെ ശ്രമകരമായ നീക്കത്തിലാണ് ഇപ്പോൾ ഇവരെ പോലീസിന് പിടികൂടാൻ സാധിച്ചത്. പോലീസിനെ കണ്ടപ്പോൾ വീടിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും കയ്യിൽ കടലാസിൽ പൊതിഞ്ഞുവെച്ച കഞ്ചാവ് വീടിനു മുന്നിലുള്ള പട്ടിക്കൂടിന് സമീപത്തേക്ക് വലിച്ചെറിയുകയും ചെയ്തു. വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ ജില്ലയിലുടനീളം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നിർദേശപ്രകാരം ലഹരിവസ്തുക്കളുടെ കടത്തും വിൽപ്പനക്കുമെതിരായ റെയ്ഡ് നടന്നുവരികയാണ്.