എറണാകുളം : സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ 9 കോടി രൂപയുടെ പദ്ധതികള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന – സൗകര്യ വികസനത്തിന്റെയും നൂതനചികിത്സ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെയും ഭാഗമായി 8 പദ്ധതികളാണ് മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്തത്. നാല് നിലകളിലായി 5 കോടി രൂപ ചെലവില്‍ ഡോക്ടേഴ്സ് ഫാമിലി ക്വാര്‍ട്ടേഴ്സാണ് പദ്ധതികളിലൊന്ന്. കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പടെ 14,639 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് നിര്‍മാണം.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 92 ലക്ഷം രൂപ ചെലവിലാണ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. 50 ലക്ഷം രൂപ ചെലവില്‍ 20 പേ വാര്‍ഡുകള്‍ നവീകരിച്ചു. ക്യാമ്പസ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 24.80 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഹൈ മാസ്റ്റ് വിളക്കുകളും വിപുലമായ സ്ട്രീറ്റ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്ന ഇമേജിംഗ് സെന്ററിന്റെ ഭാഗമായി 1 കോടി 69 ലക്ഷം രൂപ ചെലവിലാണ് സ്തനാര്‍ബുദ രോഗ പ്രതിരോധത്തിന് ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്‍ സ്ഥാപിച്ചത്.
കെ.ജെ. മാക്സി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയ്ക്ക് അഫേറിസിസ് സംവിധാനം സ്ഥാപിച്ചു. ചില രോഗാവസ്ഥകളിലും വിഷം തീണ്ടലിനും രക്തത്തില്‍ ഉണ്ടായേക്കാവുന്ന ദോഷകരമായ ഘടകങ്ങള്‍ മാറ്റാന്‍ ഉതകുന്നതുമാണ് അഫേറിസിസ് സംവിധാനം. കൂടാതെ മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ 2019 -20 ലെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 40.31 ലക്ഷം രൂപ ചെലവില്‍ ആധുനിക ഐസിയു ആംബുലന്‍സ് സജ്ജമാക്കി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കാരുണ്യ ഫാര്‍മസിയും നവീകരിച്ചു.
വ്യവസായ – നിയമ – കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍ , മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ശശി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ കലാ കേശവന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത നായര്‍ , ആര്‍.എം.ഒ ഡോ.മനോജ് ആന്റണി, നഴ്സിംഗ് സൂപ്രണ്ട് പി.എം രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു.