പത്തനംതിട്ട : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആസ്തിവികസന ഫണ്ടില്‍നിന്നു വീണാ ജോര്‍ജ്ജ് എം.എല്‍.എ ഒന്നര കോടി രൂപാ അനുവദിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ പ്രധാന രണ്ട് ആശുപത്രികളായ പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കായി ശാസ്ത്രീയവും സുരക്ഷിതവുമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായാണ് തുക വിനിയോഗിക്കുക. എറണാകുളം മോഡല്‍ വാക്ക് ഇന്‍ സാമ്പിള്‍ കിയോസ്‌ക് (വിസ്‌ക്) സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക്ക് വാര്‍ഡിലാണ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നതോടെ കൂടുതല്‍ സുരക്ഷ കൈവരും.
ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഇതുസംബന്ധിച്ച് ഔദ്യോഗിക കത്ത് വീണാ ജോര്‍ജ് എം.എല്‍.എ കൈമാറി. സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡോ.എബി സുഷന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോവിഡ് ബാധിത പ്രദേശങ്ങളിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്ക് പ്രതിരോധ സാമഗ്രികള്‍ ഉള്‍പ്പെടെ വാങ്ങുന്നതിന് പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാനാകുമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നതിനെത്തുടര്‍ന്നാണിത്. ഈ രണ്ട് ആശുപത്രികളിലും ധാരാളം ആളുകള്‍ സാമ്പിള്‍ പരിശോധനക്കായി എത്തുന്നുണ്ട്. വളരെ വേഗം പൂര്‍ത്തിയാക്കാവുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുക.