പത്തനംതിട്ട : കോവിഡ് വ്യാപനം ജില്ലയില്‍ ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി പൊതുപരിപാടികളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കി കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പൂര്‍ണമായി പാലിക്കണമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ചചെയ്യുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് 2000 ആയിരുന്ന കോവിഡ് കേസുകള്‍ നിലവില്‍ അഞ്ച് മടങ്ങോളം വര്‍ധിച്ച നിലയാണുള്ളത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാവര്‍ത്തികമാക്കിയതോടെ കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയായി. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കേസുകള്‍ വര്‍ധിച്ചു നില്‍ക്കുന്ന സ്ഥിതിയുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായ സാമൂഹ്യ അകലം, മാസ്‌ക്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയവയില്‍ ജാഗ്രതക്കുറവ് കാണുന്നുണ്ട്.
ഓണാഘോഷങ്ങള്‍, മറ്റ് പൊതു കൂടിച്ചേരലുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ നടത്താവൂ. കഴിഞ്ഞ ദിവസങ്ങളില്‍ ഓള്‍ഡ് എയിജ് ഹോമുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജാഗ്രത കൈവിടാതെ ഫലപ്രദമായി കോവിഡ് മഹാമാരിയെ പ്രതിരോധിക്കേണ്ടതുണ്ട്. കോവിഡ് ടെസ്റ്റിംഗ്, വാക്‌സിനേഷന്‍, മറ്റ് പ്രതിരോധ നടപടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ജില്ല ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ആളുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടരുതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയില്‍ 60 വയസിന് മുകളിലുള്ളവര്‍ക്ക് ഒന്നാം ഘട്ട വാക്‌സിനേഷന്‍ നൂറ് ശതമാനം പൂര്‍ത്തിയായി. ജില്ലയില്‍ 40നും 60നും ഇടയ്ക്ക് പ്രായമുള്ള 96 ശതമാനം പേര്‍ക്കും ഒന്നാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഓള്‍ഡേജ് ഹോമുകളും മറ്റും കേന്ദ്രീകരിച്ച് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടതാണ് ജില്ലയില്‍ നിലവില്‍ കേസുകള്‍ കൂടാനിടയായത്. എല്ലാവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പോരാളിയാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയ്ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫലവത്തായി ഇടപെടാന്‍ കഴിഞ്ഞതായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. പൊതുഇടങ്ങളിലെ കൂടിച്ചേരലുകള്‍ ഒഴിവാക്കാനും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനും പാര്‍ട്ടി തലത്തിലും സന്ദേശം കൈമാറും. ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി. ജയന്‍, പി.കെ. ജേക്കബ്, അഡ്വ.രാജു ഉളനാട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.