തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ല അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് പുറത്തുവിടുക. ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളാണ് പരസ്യപ്പെടുത്തുക.
കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് മരിച്ചവരുടെ കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മരിച്ചവരുടെ പേരും വയസ്സും സ്ഥലവും നാളെ മുതല്‍ ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. 2020 ഡിസംബര്‍ മുതലാണ് മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത് നിര്‍ത്തിവെച്ചത്.
നിലവില്‍ വയസ്സും സ്ഥലവും മാത്രമാണുള്ളതെന്നും മരിച്ചയാള്‍ കോവിഡ് പട്ടികയിലാണോ എന്ന് ഉറപ്പുവരുത്താന്‍ ബന്ധുക്കള്‍ക്കുപോലും സാധിക്കുന്നില്ലെന്നും മീറ്റ് ദി പ്രസില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയോട് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് അവര്‍ മറുപടി നല്‍കുകയും ചെയ്തു. അതേസമയം സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബന്ധുക്കളുടെ നിലപാടും കണക്കിലെടുക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.