പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നടപടി ആറന്മുള മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുമ്പോട്ടുപോകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗങ്ങൾ പുനരുദ്ധാരണം നടത്താനെന്ന പേരിലാണ് ഇത്തരമൊരു നടപടിയുമായി വീണാ ജോര്‍ജ്ജ് നീങ്ങുന്നത്. ഇതിനുപിന്നില്‍ ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രിയെ തരംതാഴ്ത്തിക്കൊണ്ട് കോന്നി മണ്ഡലത്തിലെ മെഡിക്കല്‍ കോളേജിനെ വളര്‍ത്തുവാന്‍ ശ്രമിക്കുന്ന ആറന്മുള എം.എല്‍.എ യുടെ നടപടി യുക്തിക്ക് നിരക്കാത്തതാണ്, മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കണക്കാക്കുവാന്‍ കഴിയു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാനും ആറന്മുള എംഎൽഎ വീണാ ജോർജ്ജും തമ്മിൽ നടക്കുന്ന ചക്കളത്തി പോരാട്ടങ്ങളുടെയും ശീത സമരങ്ങളുടെയും അനന്തര ഫലമാണ് പത്തനംതിട്ടയിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്.
ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും സാധാരണക്കാർക്ക് വളരെയധികം പ്രയോജനപ്രദവുമായ ആരോഗ്യ സംവിധാനമാണ് നിലവിൽ പത്തനംതിട്ട ജില്ല ജനറൽ ആശുപത്രിയിൽ ഉള്ളത്. ഇവിടെ ഔട്ട് പേഷ്യന്റ് വിഭാഗം മാത്രം നിലനിർത്തിക്കൊണ്ട് മറ്റെല്ലാ ശസ്ത്രക്രിയാ വിഭാഗങ്ങളും കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനാണ് വീണാ ജോര്‍ജ്ജ് ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ലാത്തതും ഗതാഗത സംവിധാനങ്ങൾ പരിമിതമായി മാത്രമുള്ളതുമായ കോന്നി മെഡിക്കൽ കോളേജിലേക്ക് ജില്ലയുടെ പ്രധാന ആരോഗ്യ സംവിധാനങ്ങൾ മാറ്റുന്നത് ആരോഗ്യമന്ത്രിയുടെ കുബുദ്ധിയാണ്. ഈ പറിച്ചു മാറ്റലിന്റെ ദുരിതമനുഭവിക്കുവാൻ മലയോര ജില്ലയായ പത്തനംതിട്ടയിലെ സാധാരണക്കാരായ ജനങ്ങളെ വിട്ടുകൊടുക്കാൻ കഴിയില്ലെന്നും നഹാസ് പറഞ്ഞു.
ജനറൽ ആശുപത്രി ആരോഗ്യവകുപ്പിന്റെയും, മെഡിക്കൽ കോളേജ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറിന്റെയും കീഴിലാണ് വരുന്നത്. പുനരുദ്ധാരണത്തിന്റെ പേരും പറഞ്ഞ് വകുപ്പുകൾ മാറ്റണമെങ്കിൽത്തന്നെ അത് ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള തൊട്ടടുത്ത മറ്റ് ഇടങ്ങളിലേക്കാണ് മാറ്റേണ്ടത്. പ്രവർത്തനം നിലച്ച ജിഇഓ ആശുപത്രി കെട്ടിടത്തിലേക്ക് താൽക്കാലികമായി ജനറൽ ആശുപത്രി മാറ്റി, ജനറൽ ആശുപത്രിയുടെ പുനരുദ്ധാരണം നടത്താം എന്ന ആദ്യത്തെ തീരുമാനം വീണാ ജോര്‍ജ്ജ് രഹസ്യമായി അട്ടിമറിക്കുകയായിരുന്നു. ആശുപത്രി അധികൃതരും നഗരസഭയും തമ്മിൽ ഉണ്ടാക്കിയ ആദ്യത്തെ ധാരണ ആരോഗ്യമന്ത്രിയുടെ വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിലാണ് ഇപ്പോൾ നടക്കാതെ പോകുന്നത്. പത്തനംതിട്ട നഗരസഭയോട് ആശുപത്രി അധികൃതരോടും ആലോചിക്കാതെയാണ് ഇത്തരം ഒരു തീരുമാനം ആരോഗ്യവകുപ്പ് എടുത്തിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ തീരുമാനം പിന്‍വലിച്ച് ആറന്മുള മണ്ഡലത്തിലെ ജനങ്ങളോട് വീണാ ജോര്‍ജ്ജ് മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.