നെടുമങ്ങാട് : ജില്ല ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി തയാറാക്കുമെന്നും സര്‍ക്കാര്‍ വളരെ പ്രാധാന്യത്തോടെയാണ് ആശുപത്രിയുടെ വികസനത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ആരംഭിച്ച പീഡിയാട്രിക് എച്ച്.ഡി യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് സുപ്രധാനമായ വികസന ആവശ്യം സാധ്യമായിരിക്കുകയാണെന്നും ദിവസേന 2500 ഒ.പികളാണ് ആശുപത്രിയില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതില്‍ 400 പേര് കുഞ്ഞുങ്ങളാണെന്നും ഇവരെ ചില സമയങ്ങളില്‍ മെഡിക്കല്‍ കോളജില്‍ അയക്കേണ്ടി വന്നിട്ടുണ്ടെന്നും ഇനിമുതല്‍ കുഞ്ഞുങ്ങള്‍ക്ക് അത്യാധുനിക ചികിത്സ ലഭിക്കുമെന്നും അവര്‍ പറഞ്ഞു. മന്ത്രി ജി.ആര് അനില്‍ അധ്യക്ഷതവഹിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യമുള്ള പീഡിയാട്രിക് എച്ച്.ഡി യൂനിറ്റ് ആരംഭിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ് ശ്രീജ, നഗരസഭ വൈസ് ചെയര്മാന് എസ്.രവീന്ദ്രന്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അജിത, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ജോസ് ഡിക്രൂസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സൂപ്രണ്ട് ഡോ.നിത എസ്. നായര്‍ നന്ദിയും പറഞ്ഞു.