ശബരിമല : പത്ത് ഓസ്‌കാറിനേക്കാള്‍ തനിക്കു വലുതാണ് മകരവിളക്കു ദിവസം ലഭിച്ച ഹരിവരാസനം പുരസ്‌കാരമെന്നും ഇതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും വീരമണി രാജു. ഹരിവരാസനം പുരസ്‌കാരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാര ചടങ്ങിനെ തുടര്‍ന്ന് ലോക പ്രസിദ്ധ അയ്യപ്പഭക്തി ഗാനമായ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ തുടങ്ങി ഒട്ടേറെ ഭക്തിഗാനങ്ങള്‍ പാടി വീരമണി ശബരീശ സന്നിധിയെ ഭക്ത നിര്‍വൃതിയില്‍ ആറാടിച്ചു.
മറുപടി പ്രസംഗത്തില്‍, നിരവധി പുരസ്‌കാരങ്ങള്‍ തനിക്കു ലഭിച്ചിട്ടുണ്ടെങ്കിലും ഹരിവരാസനം പുരസ്‌കാരത്തെ തന്റെ മനസില്‍ ചേര്‍ത്തു പിടിക്കുന്നുവെന്ന് പറഞ്ഞാണ് വീരമണി ഗാനസപര്യ തുടങ്ങിയത്. പിതാവായ സോമുവും ചിറ്റപ്പയായ വീരമണിയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ലോകപ്രശസ്തമായ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം 1957 ല്‍ ഇരുവരും ശബരിമല സന്ദര്‍ശിച്ചപ്പോള്‍ പിറന്നതാണെന്നും കാനനപാതയിലൂടെ അന്നുനടന്നതിന്റെ അനുഭവമാണ് ‘കല്ലും മുള്ളും കാല്ക്ക് മെത്തൈ’ എന്ന പാട്ടിലെ വരിയായി ചേര്‍ത്തിരിക്കുന്നതെന്നും വീരമണി ഓര്‍ത്തെടുത്തു. അന്ന് തന്റെ നാട്ടുകാര്‍ക്ക് ശബരിമലയെ കുറിച്ച് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂവെന്നും ഈ പാട്ടിലൂടെ ഏറെ ഭക്തര്‍ അയ്യപ്പ സന്നിധിയില്‍ എത്തിയെന്നത് അഭിമാനമായി കാണുന്നതായും വീരമണി രാജു പറഞ്ഞു.
ഭക്തിഗാനമേളയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനത്തെ കൂടാതെ അന്നദാന പ്രഭുവേ ശരണം അയ്യപ്പാ, മരുതമലൈ മാമുനിയെ മുരകയ്യാ, ശബരിമലയില്‍ തങ്ക സൂര്യോദയം തുടങ്ങിയ ഭക്തിഗാനങ്ങളും വീരമണി ആലപിച്ചപ്പോള്‍ സദസ് കരഘോഷ മുഖരിതമായി.