മുരിങ്ങയുടെ ഔഷധമേന്മയെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. എല്ലാഭാഗങ്ങളും ഔഷധത്തിനായി ഉപയോഗിക്കാവുന്ന ചെടിയാണ് മുരിങ്ങ. മൊരിങ്ങേസി കുടുംബത്തില്‍പ്പെട്ട മുരിങ്ങയുടെ ശാസ്ത്രനാമം മൊരിങ്ങ ഒലീഫെറ എന്നാണ്. നമ്മുടെ തൊടിയിലും പറമ്പിലും വളരെ സുലഭമായി ലഭിക്കുന്ന മുരിങ്ങയുടെ ഇലയും കായും പൂവുമെല്ലാം ഭക്ഷണത്തിൽ വിഭവങ്ങളാക്കി നാം ഉപയോഗിക്കുന്നു. നിത്യജീവിതത്തില്‍ അങ്ങനെ വളരെ പ്രാധാന്യമുള്ള ഗുണങ്ങൾ നൽകിയിരുന്ന മുരിങ്ങ എന്നാൽ ഇന്ന് എണ്ണത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പറമ്പുകൾ കുറഞ്ഞതും, ജീവിതം നഗരത്തിലേക്ക് മാറ്റിയതും മുരിങ്ങ നട്ടുവളർത്തുന്ന ശീലത്തിൽ നിന്നും മനുഷ്യനെ അകറ്റി. എന്നാൽ നഗരങ്ങളിൽ നമ്മുടെ ഫ്ലാറ്റുകളിലും മറ്റും ഇണങ്ങുന്ന രീതിയിൽ ഇവയെ നട്ടു വളർത്താനാകും. വളരെ പൊക്കത്തിൽ ഉയർന്നുപൊങ്ങുന്ന മുരിങ്ങയെ എങ്ങനെ വീട്ടുമുറ്റത്ത് ചെറുതാക്കി വളർത്താമെന്നത് നോക്കാം.
നമ്മുടെ പൂന്തോട്ടത്തിൽ ഒരു ചെടി നട്ടുവളർത്തുന്ന പോലെ മുരിങ്ങയെ കുറ്റിമുരിങ്ങയാക്കി വളർത്താവുന്നതാണ്. ചെടിമുരിങ്ങയുടെ തൈകള്‍ നമ്മുടെ സമീപത്തുള്ള നഴ്‌സറികളിൽ നിന്ന് വാങ്ങാം. എന്നാൽ ഇവ നടേണ്ട വിധത്തില്‍ പ്രത്യേക കരുതൽ നൽകണം. കുറ്റിമുരിങ്ങ നടാം. നിലത്തും അതുപോലെ പ്ലാസ്റ്റിക് ഡ്രമ്മിലും മുരിങ്ങച്ചെടി വളര്‍ത്തിയെടുക്കാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയുള്ള സമയമാണ് ചെടികള്‍ നട്ടുവളർത്തേണ്ടത്. നിലത്ത് വളർത്തുന്ന മുരിങ്ങച്ചെടിയ്ക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴിയാണ് മുരിങ്ങയ്ക്ക് ആവശ്യം. ഇതിലേക്ക് കാലിവളം, മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ മണ്ണ് എന്നിവ തുല്യ അളവിൽ മിശ്രിതമാക്കി നിറയ്ക്കുക. അര കിലോ കുമ്മായവും അര കിലോ വേപ്പിൻ പിണ്ണാക്കും ചേര്‍ത്ത് കുഴിയില്‍ നന്നായി ഇളക്കി നനച്ചിടണം. ഇതിന് ഒരു ദിവസം കഴിഞ്ഞ് ചെടികള്‍ നടാം. മുരിങ്ങയുടെ തടത്തില്‍ വെള്ളം നിര്‍ത്തുന്നതും ഒഴിവാക്കണം. വെള്ളം നിൽക്കുകയാണെങ്കിൽ തോൽ ചീഞ്ഞുപോകാൻ ഇടയാകും. രണ്ടു മൂന്നാഴ്ച കൊണ്ട് ചെടിക്ക് പുതിയവേരുകള്‍ പൊടിക്കും. ചെടിയ്ക്ക് ഇടക്കൊക്കെ വെള്ളം ഒഴിച്ചുകൊടുക്കണം.കടലപ്പിണ്ണാക്കും മറ്റ് ജൈവവളങ്ങളും ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കുന്നത് മുരിങ്ങയിലയുടെ വളർച്ചയെ പരിപോഷിപ്പിക്കും.
മുരിങ്ങ പ്ലാസ്റ്റിക് ഡ്രമ്മിൽ വളര്‍ത്താം
മുക്കാല്‍ മീറ്റർ വ്യാസമുള്ള പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകള്‍ഭാഗം മുറിച്ചുമാറ്റി അടിഭാഗത്ത് വെള്ളം വാര്‍ന്നുപോകാന്‍ ചെറിയ ദ്വാരമിടുക. അതിന്റെ മുക്കാല്‍ഭാഗം വരെ നേരത്തെ പറഞ്ഞ പോലെ പോട്ടിങ് മിശ്രിതം നിറക്കുക. ശേഷം നടുക്ക് മുരിങ്ങത്തൈ നട്ട് മിതമായ രീതിയില്‍ നനവ് നല്‍കി വളര്‍ത്തി എടുക്കാവുന്നതാണ്. മണ്ണിൽ നടുമ്പോൾ നൽകുന്ന രീതിയിലുള്ള ജൈവവളങ്ങൾ തന്നെ ഇവിടെയും പ്രയോഗിക്കാം. മുരിങ്ങയുടെ തുമ്പ് നിർത്തി ഇല പറിക്കുന്ന രീതി ഒഴിവാക്കുക. തുമ്പിന് അടിഭാഗത്ത് കുറഞ്ഞത് മൂന്ന് പട്ട മുതിര്‍ന്ന ഇലയെങ്കിലും നിര്‍ത്തി വേണം ഇലകൾ പറിച്ചെടുക്കേണ്ടത്. അതുപോലെ മഴ പെയ്യുമ്പോള്‍ കൊമ്പു കോതുന്നതും ഉപേക്ഷിക്കണം. കാരണം മഴവെള്ളം വെട്ടിയ കൊമ്പിൻ തുമ്പിലൂടെ മുരിങ്ങയുടെ തണ്ടിലെത്തി തണ്ട് ചീയുന്നതിന് കാരണമാകും.