കൊച്ചി : ഇന്ധനവിലയ്‌ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനുപിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്നരീതിയിൽ പാചകവാതകവില ഉയർന്നതോടെ കുടുംബബജറ്റും താളം തെറ്റുമെന്നുറപ്പായി.
കോവിഡും ഇന്ധനവിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചു കഴിഞ്ഞു. ഇതിനൊപ്പം ഉഴുന്ന്, എണ്ണ, തേയില തുടങ്ങിയവയുടെ വിലയും അഞ്ചോ ആറോ മാസംകൊണ്ട് ഇരട്ടിയോ അതിലധികമോ ആയി.
മീൻപിടിത്തത്തിന് പോകുന്നവർക്ക് 200 ലിറ്റർവരെ സബ്‌സിഡി ഇനത്തിൽ ലഭിക്കുമായിരുന്ന മണ്ണെണ്ണ ഇപ്പോൾ 40 ലിറ്ററാക്കി കുറച്ചു.