പത്തനംതിട്ട : ലോക്ഡൗണ്‍ ദിനങ്ങള്‍ കൃഷിക്കായി വിനിയോഗിക്കുക എന്ന സന്ദേശവുമായി ഹരിതകേരളം മിഷനും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായി കുടുംബശ്രീയുടേയും ഹരിതകര്‍മ സേനയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടുകൂടി വീടുകളില്‍ കൃഷി വിപുലപ്പെടുത്തുന്നതിന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പച്ചക്കറി തൈകളുടെ ജില്ലാതല വിതരണ ഉദ്ഘാടനവും ഹാഷ് ടാഗ് കാമ്പയിന്റെ ഔദ്യോഗിക ആരംഭവും നാളെ (06) രാവിലെ 11 ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിക്കും.
കൃഷി വകുപ്പിന്റെ ഫാം, വിഎഫ്പിസികെ എന്നിവ മുഖേന മൂന്നര ലക്ഷത്തോളം പച്ചക്കറി വിത്തുകളുടെ പായ്ക്കറ്റുകള്‍ ജില്ലയിലെ വീടുകളിലേക്ക് ഈ പദ്ധതിയുടെ ഭാഗമായി നല്‍കും. കൃഷി ഭവനുകള്‍ വഴി കുടുംബശ്രീ, ഹരിതകര്‍മസേന, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരിലൂടെ പച്ചക്കറി വത്തുകള്‍ വീടുകളില്‍ എത്തിക്കും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ കഴിയുന്നവര്‍ക്ക്, മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഗാര്‍ഹിക പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനുളള വഴി കൂടിയാണിത്. കൂടാതെ സ്വന്തമായി കൃഷി സ്ഥലം ഇല്ലാത്തവര്‍ക്കും വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും കിളയോ, രാസവളമോ, വളക്കൂട്ടുകളോ ഇല്ലാതെ പോഷക സമ്പുഷ്ടമായ ഇലക്കറി വീട്ടിലേയും ഫ്‌ളാറ്റിലേയും ജനല്‍പ്പടിയിലോ, ബാല്‍ക്കണിയിലോ വളര്‍ത്തിയെടുക്കാം. ഇതിനായി മൈക്രോഗ്രീന്‍ പോലെയുളള നൂതന കൃഷിരീതികള്‍ അവലംബിക്കാം.
കൂടാതെ കുട്ടികള്‍ക്കായും മുതിര്‍ന്നവര്‍ക്കായും സമൂഹ മാധ്യമങ്ങളിലൂടെ ‘തുരത്താം കോവിഡിനെ വിതയ്ക്കാം ഈ മണ്ണില്‍’ എന്ന പേരില്‍ ഹാഷ്ടാഗ് കാമ്പയിന്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലായി കൃഷി, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നീ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കും. നിലവില്‍ ജില്ലയില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും ഇതില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക് ജില്ലാ ഹരിതകേരളം മിഷന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ലഭിക്കും. കൂടാതെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ വീടുകളിലെ കൃഷി, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവയുടെ ലോക്ഡൗണ്‍ കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ‘തുരത്താം കോവിഡിനെ വിതയ്ക്കാം ഈ മണ്ണില്‍’ എന്ന ഹാഷ് ടാഗിലൂടെ പങ്കുവയ്ക്കാന്‍ സാധിക്കും. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ സമ്മാനങ്ങള്‍ നല്‍കും.