റാന്നി : സ്വന്തമായി വിളയിച്ചെടുത്ത കപ്പയുടെയും കാന്താരിയുടെയും കരുത്തും കോട്ടയം മെഡിക്കല്‍ കോളജിലെ പരിചരണവും കൂടിയായപ്പോള്‍ റാന്നിയിലെ വൃദ്ധദമ്പതികള്‍ക്കു മുന്നില്‍ ലോകത്തെ വിറപ്പിക്കുന്ന കൊറോണ മുട്ടുമടക്കി. കൊറോണ എന്ന കോവിഡ് 19-ല്‍ നിന്നും മുക്തരായ പത്തനംതിട്ട റാന്നി ഐത്തല മീമൂട്ടുപാറയിലെ പട്ടയില്‍ തോമസും(94) ഭാര്യ മറിയാമ്മയും(88) ലോകത്തിനു മുന്നില്‍ അത്ഭുതമാകുകയാണ്.
ഐത്തലയിലെ നല്ലൊരു കര്‍ഷകനായിരുന്ന തോമസ് വീട്ടിലേക്ക് ആവശ്യത്തിനുള്ളതു സ്വന്തമായി കൃഷി ചെയ്തിരുന്നു. കന്നുകാലികളെ വളര്‍ത്തി അവയില്‍നിന്നു കിട്ടുന്ന പാലാണു വീട്ടാവശ്യത്തിന് ഉപയോഗിച്ചിരുന്നത്.അതിനാല്‍ കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആയിരുന്നപ്പോഴും ആഹാരകാര്യങ്ങളില്‍ തോമസ് നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്നു. മരുന്നിനൊപ്പം തോമസിനും മറിയാമ്മയ്ക്കും ആഹാരവും സ്നേഹപരിചരണങ്ങളും നല്‍കുന്നതില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും യാതൊരു പിശുക്കും കാണിച്ചില്ല. അവിടെയുള്ളവരെല്ലാം തങ്ങള്‍ക്ക് സ്വന്തം മക്കളേയും ചെറുമക്കളേയും പോലെയായിരുന്നുവെന്നു തോമസും ഭാര്യയും പറയുന്നു. തങ്ങള്‍ക്ക് ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ എല്ലാവരും പരമാവധി ശ്രദ്ധിച്ചതായും അവര്‍ പറയുന്നു.
തോമസിനും ഭാര്യയ്ക്കും മക്കളെ ജീവനായിരുന്നു. മക്കള്‍ക്കും തിരിച്ചും അങ്ങനെ തന്നെ. അതിനാല്‍ ചികിത്സയില്‍ കഴിയുമ്പോഴും മക്കളെ കാണണമെന്നു വൃദ്ധദമ്പതികള്‍ വാശിപിടിച്ചിരുന്നു. എല്ലാവരെയും വിളിച്ചറിയിച്ചിട്ടുണ്ടെന്നും നാളെ വരുമെന്നും പറഞ്ഞ് ഓരോ ദിവസവും നഴ്‌സുമാര്‍ സാന്ത്വനിപ്പിച്ചിരുന്നു. ഒടുവില്‍ അസുഖംമാറി മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിയ തോമസും ഭാര്യയും ”എവിടെ ആയിരുന്നെടാ ഇത്രയുംനാള്‍…”എന്നു ഇറ്റലിയില്‍ നിന്നെത്തിയ മകന്‍ മോന്‍സിയോട് ചോദിച്ചപ്പോള്‍ കരയുകയായിരുന്നു. മകനും ഭാര്യ രമണി മോന്‍സിയും ചെറുമകന്‍ റിജോയും കോവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നത് തോമസ് അറിഞ്ഞിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടുള്ള ഹൃദയം വിങ്ങുന്ന ചോദ്യമായിരുന്നു അത്. മരുന്നുകളും നിര്‍ദ്ദേശങ്ങളുമായി മെഡിക്കല്‍ അസിസ്റ്റന്റുമാര്‍, നേഴ്സ് തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പം എത്തിയിരുന്നു. രണ്ടാഴ്ചത്തേക്കുള്ള മരുന്നും നല്‍കിയാണു മെഡിക്കല്‍ സംഘം തിരികെപോയത്.
നാട്ടില്‍ തോമസിന്റെയും മറിയാമ്മയുടെയും എല്ലാ കാര്യങ്ങളും നോക്കിയിരുന്ന സമീപത്തു താമസിക്കുന്ന മറ്റൊരു മകന്‍ പി.എ ജോസഫും ഭാര്യ ഓമനാ ജോസഫും കോവിഡ് ചികിത്സയ്ക്കുശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ കാണാന്‍ എത്തിയിരുന്നില്ല. ആറുമാസം മുന്‍പ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു തോമസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴും മക്കളെ കാണണമെന്നു തോമസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇറ്റലിയില്‍ നിന്നും മകന്‍ മോന്‍സി എബ്രഹാം നാട്ടിലെത്തി പിതാവിനെ ഒരു മാസം കഴിഞ്ഞതിനുശേഷമാണു തിരിച്ചു പോയത്. വീണ്ടും ഇറ്റലിയില്‍ എത്തിയതിനുശേഷം ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഇനിയും നിങ്ങള്‍ വരുന്നതുവരെ പിടിച്ചു നില്‍ക്കുവാന്‍ സാധിക്കില്ലെന്നും മക്കളെ കാണണമെന്നും പിതാവ് നിര്‍ബന്ധംപിടിക്കുമായിരുന്നു. പിതാവിന്റെ വേദന കലര്‍ന്ന ആഗ്രഹം തള്ളിക്കളയാന്‍ കുടുംബത്തിനു സാധിച്ചിരുന്നില്ല. അതിനാല്‍ ഇവര്‍ വീണ്ടും നാട്ടില്‍ എത്തി. എന്നാല്‍ മക്കളെ കണ്ട വൃദ്ധദമ്പതികളുടെ സന്തോഷം തകര്‍ത്തുകൊണ്ട് കോവിഡ് എന്ന മഹാമാരി ഒരു നാടിനെ ഒന്നാകെ ഭീതിയിലാഴ്ത്തി കുടുംബാംഗങ്ങളെ വരിഞ്ഞുമുറുക്കുകയായിരുന്നു.
അങ്ങ് ഇറ്റലിയില്‍ ഈ കുടുംബത്തോടൊപ്പം സഹകരിച്ചിരുന്ന ബന്ധുക്കള്‍ ആര്‍ക്കുംതന്നെ ഇതുവരെ കോവിഡിന്റെ ഒരു ലക്ഷണവും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. നാട്ടിലേക്കു പോരുന്നതിനു തലേദിവസം ബന്ധുക്കള്‍ ഇവരുടെ വീട്ടിലെത്തി ഒന്നിച്ച് ആഹാരം കഴിക്കുകയും പിറ്റേദിവസം ഒരു മണിക്കൂര്‍ കാറില്‍ ഒന്നിച്ചു യാത്ര ചെയ്ത് എയര്‍പോര്‍ട്ടില്‍ എത്തുകയും ചെയ്തിരുന്നു. മകന്‍ മോന്‍സി എബ്രഹാം പുതുതായി പണിത വീട്ടിലാണു തോമസും മറിയാമ്മയും താമസിക്കുന്നത്. നാട്ടില്‍ റേഡിയോളജി പഠിക്കുന്നതിനെത്തിയ ചെറുമകന്‍ റിജോ നേരത്തെ കഴിഞ്ഞിരുന്നത് ഇവര്‍ക്കൊപ്പമായിരുന്നു. അതിനാല്‍ റിജോയോട് പ്രത്യേക വാത്സല്യവും ഇവര്‍ക്കുണ്ട്. ഇപ്പോള്‍ മരുന്നെടുത്തു കൊടുക്കുന്നതിനും കുളിപ്പിക്കുന്നതിനുമെല്ലാം തോമസിനു റിജോ തന്നെ വേണം. തനിച്ചു നടന്നാല്‍ വീഴുമോയെന്ന ഭയത്താല്‍ ഊന്നുവടിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ മറിയാമ്മ സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്യും.
മക്കള്‍ ആവശ്യത്തിനു പണവും സുഖസൗകര്യങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും പഴയകാലത്തെ കപ്പയും കാന്താരിയുമാണ് ഇവര്‍ക്കിപ്പോഴും പ്രിയം. ദീര്‍ഘനാളത്തെ വിജയകരമായ ദാമ്പത്യ ജീവിതം നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടവക പള്ളിയില്‍ ഈ വൃദ്ധ ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.
ഓശാന ഞായറാഴ്ച പള്ളിയില്‍ പോകാത്തതിന്റെ വിഷമവും ഇരുവര്‍ക്കുമുണ്ട്. മുന്‍പ് ഓശാന ദിവസം പള്ളിയില്‍ പോകാന്‍ അതിരാവിലെ ചെറുമകന്‍ റിജോയേക്കാള്‍ മുന്‍പെ ഇവര്‍ തയ്യാറാകുമായിരുന്നു. വരും വര്‍ഷങ്ങളിലെ ഓശാന ഞാറാഴ്ചകളെ മനസില്‍ കണ്ട് തോമസും മറിയാമ്മയും വീട്ടില്‍ വിശ്രമത്തിലാണ്.