ജോഹന്നാസ്ബര്‍ഗ് : ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തശേഷം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയ ഇമാം കൊവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൗലാന യൂസുഫ് ടൂട്ല എന്ന 80 കാരനാണ് മരിച്ചത്. മാര്‍ച്ച് ഒന്നു മുതല്‍ 15വരെ നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ചയാണ് ടൂട്ല മരിച്ചത്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുവെന്ന് ടൂട്ലയുടെ ബന്ധു പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കാലം ഭേദമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതാണ്.
എന്നാല്‍ തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇന്ത്യയിലെ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന് ബന്ധുക്കള്‍ അദ്ദേഹത്തോട് ഉപദേശിച്ചതാണ്. എന്നാല്‍ പോകണമെന്ന് വാശിപിടിക്കുകയായിരുന്നു ഇദ്ദേഹം. ലോകമാകമാനം സംഘടിപ്പിച്ച സമാനമായ സമ്മേളനങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനൊപ്പം മറ്റേതെങ്കിലും ദക്ഷിണാഫ്രിക്കന്‍ സ്വദേശി സമ്മേളനത്തില്‍ പങ്കെടുത്തോ എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.