മുണ്ടക്കയം : മുണ്ടക്കയത്ത് വാഹനങ്ങൾ കുത്തിതുറന്ന് മോഷണം പെരുകുന്നു. പല നഗരങ്ങളും ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും മുണ്ടക്കയത്ത് ഇതുവരെ ക്യാമറകള്‍ ഇടംപിടിച്ചിട്ടില്ല. അപകടങ്ങള്‍, മോഷണം, സാമൂഹികവിരുദ്ധ ശല്യം, സംഘര്‍ഷങ്ങള്‍ തുടങ്ങിയവയ്ക്ക് തടയിടാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ക്യാമറ നിരീക്ഷണമെന്നും ഇവിടെ ഉടനെ ക്യാമറ സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. അന്യ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനപാത കടന്നുപോകുന്നതിനാല്‍ നിരവധിപ്പേര്‍ എത്തുന്ന സ്ഥലം കൂടിയാണ് മുണ്ടക്കയം ടൗണ്‍. മുണ്ടക്കയം ടൗണ്‍ മേഖലയിലെ രണ്ടോ മൂന്നോ വ്യാപര സ്ഥാപനങ്ങള്‍ മാത്രമാണ് കടയ്ക്കുപുറത്ത് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കടകളില്‍ ക്യാമറ ഉള്ളിലാണ്. ഇക്കാരണത്താല്‍ത്തന്നെ തൊട്ടടുത്ത കടയിലെ മോഷ്ടാവിനെ പോലും തിരിച്ചറിയാന്‍ കഴിയുന്ന ദൃശ്യങ്ങള്‍ ലഭിക്കാറില്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബൈക്ക് മോഷണം അടക്കമുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായി. നിരീക്ഷണ കാമറകള്‍ ഉണ്ടായിരുന്നെങ്കില്‍ മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ പോലീസിന് ശേഖരിക്കാന്‍ കഴിയുമായിരുന്നു. ദേശീയപാതയുടെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കുത്തിത്തുറന്ന് പണവും അനുബന്ധ രേഖകളും മോഷ്ടിക്കുന്നത് പതിവായി മാറി. 35-ാം മൈല്‍ സ്വദേശി കുന്നില്‍ വിനോദ് കുമാറിന്റെ 5000 രൂപയും ആധാര്‍ കാര്‍ഡ്, ലൈസൻസ് അടക്കമുള്ള രേഖകളും മോഷ്ടാക്കള്‍ അപഹരിച്ചു. വിനോദ് കുമാര്‍ പോലീസില്‍ പരാതി നല്‍കി. സമാനമായ രീതിയില്‍ പൈങ്ങന ബിവറേജ് ഔട്ട്ലെറ്റിന് സമീപം വെച്ച് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ജംഗ്ഷന് സമീപം സര്‍വീസ് നടത്തുന്ന രണ്ട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണവും മോഷ്ടാക്കള്‍ കവര്‍ന്നു.