പത്തനംതിട്ട : വണ്‍വേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പത്തനംതിട്ട നഗരത്തില്‍ ആര്‍ടിഒ എ.കെ ദിലുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. പത്തനംതിട്ട നഗരത്തില്‍ വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ ഓടുന്നെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ക്യാമറ ഉപയോഗിച്ചു മഫ്തിയിലും അല്ലാതെയുമായി നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 17 വാഹന ഉടമകള്‍ക്കെതിരേ കേസെടുത്തു. ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിരവധി നിയമ ലംഘനങ്ങള്‍ക്കെതിരേ ഇ ചലാന്‍ തയാറാക്കി നല്‍കും.
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത്, തീവ്രതയേറിയ ലൈറ്റുകള്‍, ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗം എന്നിവയ്‌ക്കെതിരേ രാത്രികാല വാഹന പരിശോധന ഏപ്രില്‍ നാലു മുതല്‍ 13 വരെ ഓപ്പറേഷന്‍ ഫോക്കസ് എന്ന പേരില്‍ നടന്നു വരുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലും രാത്രികാല പരിശോധന നടത്തി വരുകയാണെന്ന് ആര്‍ടിഒ പറഞ്ഞു. തുടര്‍ച്ചയായി വണ്‍വേ തെറ്റിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ പറഞ്ഞു. പത്തനംതിട്ട എംവിഐ യു. സുനില്‍കുമാര്‍, എഎംവിഐമാരായ എസ്. വാഗീശ്വരന്‍, എ. സമീര്‍ എന്നിവര്‍ പങ്കെടുത്തു.