തിരുവനന്തപുരം : വ്യാജ വാഹനാപകടങ്ങളുടെ മറവില്‍ നടന്ന ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസുകളിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടു.പോലീസ്, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ ഉള്‍പ്പെട്ട വലിയ ലോബിയാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം മരവിപ്പിച്ചിരിക്കുന്നത്. തട്ടിപ്പ് സ്ഥിരീകരിച്ച 16 റിപ്പോര്‍ട്ടുകളാണ് തുടര്‍നടപടികള്‍ക്കുള്ള അനുമതിക്കായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മാസങ്ങളായി കെട്ടിക്കിടക്കുന്നത്.
തിരുവനന്തപുരത്ത് നടന്നത് പോലുള്ള തട്ടിപ്പ് മറ്റു പല ജില്ലകളിലും നടന്നതായുള്ള സംശയം ഉയരുകയും അതിന്റെ തെളിവുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതുള്‍പ്പെടെ കാര്യങ്ങളാണ് അട്ടിമറിക്കപ്പെടുന്നത്. നിലവില്‍ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിവരുന്നത്. പലരെയും പ്രതി ചേര്‍ത്തു. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തില്ല. കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അനുമതി നല്‍കിയിട്ടുമില്ല.
തിരുവനന്തപുരത്ത് ഒരു വാഹനം ഉപയോഗിച്ച് ആറു വാഹനാപകടങ്ങള്‍ വ്യാജമായി സൃഷ്ടിച്ചെന്നായിരുന്നു ഏറ്റവും പുതിയ കണ്ടെത്തലുകള്‍. ഈ ബൈക്ക് ഉപയോഗിച്ച് തിരുവനന്തപുരത്ത് അഞ്ച് വ്യാജ അപകട കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തട്ടിയെടുത്തെന്ന കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് വഴിവെച്ചത്. സമാന തട്ടിപ്പുകളുടെ കൂടുതല്‍ വിവരങ്ങളാണ് അന്വേഷണത്തില്‍ ചുരുളഴിയുന്നത്. ഇതുപോലെ മറ്റു പല വാഹനങ്ങളുടെയും നമ്പറുകള്‍ ഉപയോഗിച്ച് വ്യാജമായ അപകടങ്ങളുണ്ടാക്കി ലക്ഷങ്ങള്‍ ഇന്‍ഷുറന്‍സ് തുകയായി തട്ടിയെന്നാണ് വ്യക്തമാകുന്നത്.
ഒരു ഇന്‍ഷുറന്‍സ് കമ്പനി സ്വന്തം നിലക്ക് അന്വേഷണം നടത്തിയതില്‍ നിന്ന് മറ്റ് ജില്ലകളിലും സമാനമായ തട്ടിപ്പ് നടന്നെന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന സമയത്താണ് അന്വേഷണം ആരംഭിച്ച് ഈ നീക്കം നടത്തിയത്. എന്നാല്‍, ശ്രീജിത്തിനെ മാറ്റി നിയമിച്ചശേഷം ഷെയ്ഖ് ദര്‍വേശ് സാഹിബ് എത്തിയ ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് കേസുകളൊന്നുമെടുത്തിട്ടില്ല.