കൊച്ചി: വാടക വാഹനം വിറ്റശേഷം, ഹൈടെക്കായി മോഷ്ടിച്ചു തിരികെ നല്‍കുന്ന സംഘം പിടിയിലായി. പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ മജീദ്, കായംകുളം സ്വദേശി ജിനു ജോണ്‍ ഡാനിയേല്‍, സജാദ് എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റുചെയ്തത്. വാടകയ്‌ക്കെടുത്ത വാഹനം മറിച്ചുവില്‍ക്കുകയും തുടര്‍ന്ന് ജിപിഎസ് സംവിധാനത്തിന്‍റെ സഹായത്തോടെ മോഷ്ടിച്ചു, വാടകയ്ക്ക് നല്‍കിയവര്‍ക്ക് തിരികെ നല്‍കുകയും ചെയ്യുന്ന തട്ടിപ്പാണ് ഇവര്‍ നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.
ഗള്‍ഫില്‍ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ജിനു, ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങി. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തുനല്‍കുന്ന കണ്‍സള്‍ട്ടന്‍സി ജോലികള്‍ ഈ സ്ഥാപനത്തിന്‍റെ കീഴില്‍ നടത്തി. അങ്ങനെയിരിക്കെയാണ് ജിനു വാടകയ്ക്ക് നല്‍കിയ വാഹനം അടൂര്‍ സ്വദേശിയായ ശിവശങ്കരപ്പിള്ള മറിച്ചു വില്‍ക്കുന്നത്. തുടര്‍ന്ന് ഇരുവരും ചങ്ങാത്തത്തിലായി. ശിവശങ്കരപ്പിള്ളയാണ് നജീബിനെ പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്നാണ് മൂവരും കൂടി, വാടകയ്ക്ക് വാഹനം എടുത്തു മറിച്ചു വില്‍ക്കുന്ന തട്ടിപ്പ് ആരംഭിച്ചത്. നജീബ് വാഹനം വാടകയ്ക്ക് എടുത്തു ജിനുവിന് നല്‍കും. ജിനു ശിവശങ്കര പിള്ള വഴി തമിഴ്നാട്ടിലേക്കു മറിച്ചുവില്‍ക്കും. വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചശേഷമാണ് ഇങ്ങനെ മറിച്ചുവില്‍ക്കുന്നത്. കൂടാതെ ഈ വാഹനത്തിനറെ ഡ്യൂപ്ലിക്കേറ്റ് താക്കോലും സംഘം നിര്‍മ്മിച്ചുവെക്കും. വ്യാജ ആര്‍സി ബുക്ക് നിര്‍മ്മിച്ചാണ് ശിവശങ്കരപിള്ള വാഹനം മറിച്ചുവില്‍ക്കുന്നത്. ഒരു വാഹനത്തിന് അയ്യായിരം മുതല്‍ 10000 രൂപ വരെ കമ്മീഷന്‍ വാങ്ങി സജാദാണ് ഇത് തമിഴ്നാട്ടില്‍ എത്തിച്ചുനല്‍കുന്നത്.
പിന്നീട് ജിപിഎസിന്‍റെ സഹായത്തോടെ സജാദ് തന്നെ വാഹനം കണ്ടെത്തി, തിരിച്ചു നാട്ടിലെത്തിച്ചു നല്‍കും. ഇതിനോടകം നിരവധി വാഹനങ്ങള്‍ ഇവര്‍ ഇത്തരത്തില്‍ മറിച്ചുവില്‍ക്കുകയും മോഷ്ടിച്ചു തിരിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു വാഹനത്തിന്‍റെ പുറത്ത് ലക്ഷങ്ങള്‍ സംഘം തട്ടിയെടുത്തതായും അന്വേഷണത്തില്‍ വ്യക്തമായി.
ഇവര്‍ അറസ്റ്റിലാകുന്ന സമയത്ത് കളമശേരി ട്രാവല്‍സിന്‍റെ വാഹനം കൈവശമുണ്ടായിരുന്നു. ഇത് തമിഴ്നാട്ടിലേക്കു മറിച്ചുവില്‍ക്കാന്‍ ഏകദേശ ധാരണയായിരുന്നു. അതിനിടെയാണ് സംഘം അറസ്റ്റിലായത്. ഇവരില്‍ നജീബ്, ജിനു എന്നിവര്‍ക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ തട്ടിപ്പുകേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.