മല്ലപ്പള്ളി : കീഴ്വായ്പ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്ത് നൂറ് കണക്കിന് വാഹനങ്ങൾ മെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്നു. സ്റ്റേഷൻ പരിസരം മുഴുവൻ വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. മിനിലോറികൾ, കാറുകൾ, ഓട്ടോ റിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയാണ് ഇവിടെ കൂടി കിടക്കുന്നത്. ഇരുചക്ര വാഹനങ്ങൾ മാത്രം നൂറിലേറെയുണ്ട്.
വർഷങ്ങളായി ഇവിടെ കിടക്കുന്ന വാഹങ്ങൾ കാടും വള്ളിയും പടർന്ന് പിടിച്ച് കാണാൻ കഴിയാത്ത സ്ഥിതിയിലെത്തി. പതിറ്റാണ്ട് മുൻപ് പിടിച്ചെടുത്ത വാഹനങ്ങൾ ഉൾപ്പെടെ ഇപ്പോഴും സ്റ്റേഷൻ പരിസരത്തുണ്ട്. ഇവയിൽ പലതും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങളിൽ ലക്ഷങ്ങൾ വിലയുള്ളവ വരെയുണ്ട്. ഇവയെല്ലാം നശിച്ചവയിൽപ്പെടും.
വാഹനങ്ങളും കാടും നിറഞ്ഞതോടെ സ്റ്റേഷൻ പരിസരം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി. ജീവനക്കാരുടെ താമസ സ്ഥലവും ഇതിന് സമീപമാണ്. പിടികൂടുന്ന തൊണ്ടി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. വാഹനങ്ങൾ ഉപയോഗശൂന്യമായി കിടന്ന് നശിക്കുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപ്പാകാതെ പോകുകയാണ്.