പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് പിന്തുണ പ്രഖ്യാപിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്തനംതിട്ട യൂണിയന്റെ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. വീണാ ജോര്‍ജ്ജിനെ വേദിയിലിരുത്തിയാണ് വെള്ളാപ്പള്ളി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. വീണാ ജോര്‍ജ്ജിനെ ചിലര്‍ വ്യക്തിഹത്യ ചെയ്യുകയാണ്. ആരെയെങ്കിലും പട്ടികടിച്ചാല്‍ അത് വീണാ ജോര്‍ജ്ജ് കടിച്ചെന്ന മട്ടിലാണ് പ്രചാരണം. മന്ത്രിയായി ഒരുവര്‍ഷം പിന്നിട്ടതേയുള്ളൂ. ചില മാധ്യമങ്ങള്‍തന്നെ സൃഷ്ടിയും സംഹാരവും നടത്തുന്ന കാലമാണിത്. വീണാ ജോര്‍ജ് മിടുക്കിയായ ജനപ്രതിനിധിയാണ് തന്റെ വിലയിരുത്തലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിന്നോക്കവിഭാഗത്തെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നോക്കസംവരണം. വിഴിഞ്ഞം തുറമുഖവിഷയത്തില്‍ സമരത്തിനിറങ്ങിയ ലത്തീന്‍ അതിരൂപതയ്ക്കു മുന്നില്‍ മുട്ടിടിച്ചുനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അവരുന്നയിച്ച ഒന്‍പത് ആവശ്യവും അംഗീകരിച്ചു. പിന്നോക്ക സമുദായങ്ങള്‍ ചങ്കെടുത്തുകാണിച്ചാലും ചെത്തിപ്പൂവെന്ന് പറയുന്ന സ്ഥിതിയാണ് മറുവശത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.