കൊല്ലം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുന്നുവെന്നും താനാണ് കോൺഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് അദ്ദേഹത്തിനെന്നും വിമർശിച്ച വെള്ളാപ്പള്ളി, കെപിസിസി പ്രസിഡന്റിന് പോലും പ്രസക്തിയില്ലെന്നും പറഞ്ഞു. എസ്എൻ ട്രെസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. ജനം ഇതെല്ലാം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളിൽ മാടമ്പിത്തരമാണ് സതീശന്. പല പ്രതിപക്ഷ നേതാക്കളെയും താൻ കണ്ടിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. ജനാധിപത്യ രീതിയിലാണ് അവരൊക്കെ പ്രവർത്തിച്ചിട്ടുള്ളത്. അവരൊക്കെ മാറി പുതിയൊരു നേതൃത്വം വന്നപ്പോഴാണ് സതീശൻ സ്ഥാനത്തെത്തിയത്. മാടമ്പി രീതിയിലുള്ള ജൽപ്പനങ്ങളാണ് വിഡി സതീശൻ നടത്തുന്നത്. ഇത് എത്രത്തോളം വോട്ടാകുമെന്ന് കണ്ടറിയാം. കോൺഗ്രസിന്റെ തന്തയും തള്ളയും ജനങ്ങളും താനാണെന്ന നിലയിലാണ് സതീശന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റിന് പോലും ഒരു പ്രസക്തിയുമില്ല. ഉള്ളത് പറയുമ്പോൾ വിരോധം വിചാരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടർച്ചയായ പത്താം തവണയാണ് വെള്ളാപ്പള്ളി എസ് എൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എത്തുന്നത്. ട്രസ്റ്റ് ആസ്ഥാനമായ കൊല്ലത്ത് നടന്ന ചടങ്ങിലാണ് സ്ഥാനമേറ്റടുത്തത്. മറ്റ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനമേറ്റു.