കുരമ്പാല : കാൽ നൂറ്റാണ്ടുകൊണ്ട് ആശയംകൊണ്ടും ആർജവം കൊണ്ടും എസ്.എൻ.ഡി.പിയോഗത്തെ വൻപുരോഗതിയിലേക്ക് നയിച്ച കരുത്തുള്ള ജനനായകനാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെന്ന് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുരമ്പാല ശാഖയിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ നിലവാരമുള്ള പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ സ്ഥാപിച്ചും നിലവിലുള്ള സ്ഥാപനങ്ങളെ ആധുനിക രീതിയിൽ പരിഷ്‌കരിച്ചും യൂണിയനുകളും ശാഖകളും ശക്തിപ്പെടുത്തിയും അവയുടെ എണ്ണം വർദ്ധിപ്പിച്ചും യോഗത്തെ നയിക്കുന്ന മഹത് വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശൻ.
കാൽ നൂറ്റണ്ട് മുമ്പ് ശക്തി ക്ഷയിച്ച് നാഥനില്ലാതെ അനാഥത്വം പിടിമുറുക്കിയ യോഗത്തെ വിവിധ പദ്ധതികൾ അവിഷ്‌കരിച്ച് നവീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായി സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ശാഖ പ്രസിഡന്റ് രാജേഷ് കുരമ്പാല അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ കൗൺസിലർ മാരായ എസ്. ആദർശ്, സുരേഷ് മുടിയൂർക്കോണം,സെക്രട്ടറി സന്തോഷ്‌കുമാർ, കെ.ജി.ചന്ദ്രഭാനു, പ്രദീപ് പ്രസാദ്എന്നിവർ സംസാരിച്ചു.