തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പല ഗ്രൂപ്പുകളായി കിടന്ന സിപിഐഎമ്മിനെ ഒത്തൊരുമിപ്പിച്ച് ഇന്നത്തെ പാര്‍ട്ടിയാക്കിയത് പിണറായി വിജയനാണെന്നും സര്‍ദാര്‍ വല്ലഭായി പട്ടേലിനെ പോലെ ഉരുക്കുമനുഷ്യനാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പുതിയൊരു രാഷ്ട്രീയ തലമുറയെ വളര്‍ത്തി കൊണ്ടുവരുകയാണ് സിപിഎം. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖരെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തി കൊണ്ടുള്ള തീരുമാനമെടുക്കാന്‍ സിപിഐഎമ്മിന് അല്ലാതെ ലോകത്ത് വേറെ ആര്‍ക്ക് സാധിക്കുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ഇങ്ങനെ: ”ശക്തനും കരുത്തനുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പല ഗ്രൂപ്പുകളായി കിടന്ന സിപിഐഎമ്മിനെ ഒത്തൊരുമിപ്പിച്ച് ഇന്നത്തെ പാര്‍ട്ടിയാക്കിയത് പിണറായി വിജയനാണ്. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ പോലെ ഉരുക്കുമനുഷ്യനാണ് പിണറായി. അദ്ദേഹത്തിന്റെ ഓരോ ചുവടും നോക്കി നോക്ക്. ശക്തമായ തീരുമാനങ്ങളാണ്.”
”ഇത്തവണത്തെ തെരഞ്ഞെടുപ്പ് നോക്ക്. ഇരിക്കുന്ന മന്ത്രിമാരെ എല്ലാം മത്സരരംഗത്ത് നിന്ന് മാറ്റിയില്ലേ. ലോകചരിത്രത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ഇങ്ങനെ തീരുമാനമെടുക്കാന്‍ പറ്റുമോ. തീരുമാനം അടുത്ത തലമുറയിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊരു പ്രതീക്ഷയാണ്. പുതിയൊരു രാഷ്ട്രീയ തലമുറയെ വളര്‍ത്തി കൊണ്ടുവരുകയാണ്. അവര്‍ക്ക് നാളെ മന്ത്രിയാവാം എന്ന അവസരമാണ് ഒരുക്കി കൊണ്ടുവരുന്നത്. വടികുത്തി നടക്കുന്നത് വരെയായാലും രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറില്ലെന്ന് പറയുന്നവരാണ് കോണ്‍ഗ്രസ് രാഷ്ട്രീയം.”
”അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പിണറായിക്ക് അല്ലാതെ ലോകത്ത് വേറെ ആര്‍ക്ക് സാധിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാവരും പറഞ്ഞ് ഇത് പോക്കാണെന്ന്. അന്ന് പോകില്ലെന്ന് പറഞ്ഞവരില്‍ ഒരാള്‍ ഞാനായിരുന്നു. എല്ലാം തകര്‍ന്നിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ കിറ്റുണ്ട്. പെന്‍ഷനുണ്ട്. ആരെയും പട്ടിണിക്കിട്ടില്ല. കോണ്‍ഗ്രസുകാര്‍ എന്ത് പെന്‍ഷനാണ് കൊടുത്തത്. കൊടുക്കുന്ന 600 രൂപ തന്നെ കൃത്യ സമയത്തുകൊടുത്തിട്ടുണ്ടോ. പെന്‍ഷനെല്ലാം കൃത്യമായ കിട്ടുന്ന പാവങ്ങള്‍ പിന്നെ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്.’