തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിനു കാരണമായതെന്നും രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വൈരമുണ്ടെന്ന പോലീസ് കുറ്റപത്രത്തെ തള്ളിക്കളയുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
പ്രതികളുടെ മൊബൈല്‍ ഫോണുകളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഫോറന്‍സിക് വിഭാഗം രാഷ്ട്രീയ കൊലപാതകം അല്ലെന്ന നിഗമനത്തില്‍ എത്തിയത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍ സംഭാഷണങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ പരാമര്‍ശമില്ലെന്നും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല നടത്താന്‍ എത്തിയവരാണു കൊലപാതകത്തിനിരയായതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടത്താനായി ഇവര്‍ ഗൂഢാലോചന നടത്തി. എതിര്‍ സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു കൊല്ലപ്പെട്ടവരുടെ ലക്ഷ്യം. മുഖംമൂടി ധരിച്ച്, ശരീരം മുഴുവന്‍ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്. ഇരു സംഘങ്ങളുടെ കൈവശവും മാരകായുധങ്ങള്‍ ഉണ്ടായിരുന്നെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രിയില്‍ തേമ്പാമൂട് വച്ചാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണവുമായി സി.പി.എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ ഉന്നതനേതാക്കള്‍ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സി.പി.എം ആരോപിച്ചിരുന്നു.
പ്രതികളിലൊരാളായ സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കൊല്ലപ്പെട്ട ഹക്ക് മുഹമ്മദും സംഘവും തടികൊണ്ട് അടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴിയെന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. തിരിച്ചടിക്കാന്‍ തീരുമാനിച്ചതിനാലാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. സംഭവം നടക്കുന്ന ദിവസം രാവിലെ മുത്തിക്കാവ് ഫാം ഹൗസില്‍ ഇരുന്നാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നും പ്രതികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചു. ഓരോ കുടുംബത്തിനും 49,25,100 രൂപ വീതം സമാഹരിച്ചു നല്‍കുകയും ചെയ്തു. ഇതിനിടെ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ്ഥലം എം.പി അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരള പോലീസ് കേസ് തെളിയിക്കുമെന്ന നിലപാടിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
ഒരു സ്ത്രീ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെയാണ് കുറ്റപത്രം. പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവരാണു മുഖ്യപ്രതികള്‍. ഇതില്‍ വനിതയ്ക്കു മാത്രമാണു കോടതി ജാമ്യം അനുവദിച്ചത്. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്.
ഇതിനിടെ ആക്രമണത്തില്‍ 12 പേരാണ് ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഇതില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ അറസ്റ്റിലായി. ബാക്കി എഴുപേര്‍ ആരാണെന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ സാക്ഷിയെന്ന് പോലീസ് പറയുന്നയാളും സംഭവസ്ഥലത്തെ ദൃശ്യങ്ങളിലുള്ളയാളും വ്യത്യസ്തരാണ്. റൂറല്‍ എസ്പി രാഷ്ട്രീയം കളിക്കുകയാണ്. കേസ് സിബിഐക്ക് അന്വേഷണം കൈമാറണം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.