തിരുവനന്തപുരം: വെഞ്ഞാറമൂട് സി.ഐയുടെയും പോലീസുകാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. സ്റ്റേഷനില്‍ രണ്ടാംഘട്ടപരിശോധനയ്ക്ക് വിധേയരായ പോലീസുകാരുടെ ഫലം നാളെ ലഭിക്കും. മദ്യലഹരിയില്‍ കാറോടിച്ച് അപകടത്തിനിടയാക്കിയ അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് സി.ഐയെയും പോലീസുകാരെയും ക്വാറന്റീനിലാക്കിയത്.
വെഞ്ഞാറമൂട്ടില്‍ പിടിയിലായ മറ്റ് രണ്ട് അബ്കാരി പ്രതികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അറസ്റ്റും നടപടികളും നടത്തിയ പോലീസുകാരുടെ ഫലമാണ് ഇനി വരാനുള്ളത്. ഇവരുടെ പരിശോധനാഫലം കൂടി നെഗറ്റീവായാല്‍ കൊവിഡ് ആശങ്കകള്‍ക്ക് വിരാമമാകും.
ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട്, എം.എല്‍.എ ഡി.കെ മുരളി എന്നിവരും വീടുകളില്‍ ക്വാറന്റീനിലാണ്. പോലീസ് സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും പോലീസുമായി അടുത്തിടപഴകിയവരുമുള്‍പ്പെടെ വെഞ്ഞാറമൂട് പ്രദേശത്തെ നിരവധിയാളുകള്‍ ഹോം ക്വാറന്റീലില്‍ കഴിയുന്നതിനിടെയാണ് പോലീസുകാര്‍ക്ക് രോഗബാധയില്ലെന്ന വിവരം പുറത്തായത്.