പത്തനംതിട്ട: വെൺകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റും സെക്രട്ടറിയും ചേര്‍ന്ന് നിക്ഷേപം നടത്തിയ സഹകാരിക്ക് 3,15,000 രൂപ നൽകാന്‍ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. വെച്ചൂച്ചിറ പ്ലാവേലിനിരവ് നിർമലാ ഭവനിൽ മുരളീധരൻ നായർക്കാണ് വെൺകുറിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് പണം നല്‍കാന്‍ വിധിയായത്. ബാങ്കിനെ പ്രതിയാക്കി കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് ഈ വിധി ഉണ്ടായത്. മുരളീധരന്‍ നായര്‍ 2020-21 കാലയളവിൽ 1,00,000 രൂപ വീതം മൂന്ന് ഫിക്സഡ് ഡെപ്പോസിറ്റുകളായി 3 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞ് നിക്ഷേപം മെച്ച്വർ ആയി രൂപ എടുക്കാൻ ചെന്നപ്പോൾ ഇപ്പോൾ രൂപയ്ക്ക് കുറവുണ്ട്, വീണ്ടും ഈ നിക്ഷേപങ്ങൾ ഒക്കെ പുതുക്കി ഇടണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. ഇതിന്‍ പ്രകാരം തുടർന്നുള്ള വർഷങ്ങളിലും ഹർജിക്കാരൻ ഫിക്‌സഡ് ഡെപ്പോസിറ്റുകൾ പുതുക്കി നിക്ഷേപിച്ചുകൊണ്ടിരുന്നു. എന്നാൽ മുരളീധരന്‍ നായര്‍ക്ക് അടിയന്തിരമായി ഒരു ഓപ്പറേഷന് വിധേയമാകേണ്ടിവന്നതിനാൽ ജൂണിൽ ബാങ്കിൽ പോയി സെക്രട്ടറിയോടും പ്രസിഡന്റ്റിനോടും നിക്ഷേപതുകയായ 3 ലക്ഷം രൂപയും പലിശയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ തരാൻ നിവൃത്തിയില്ലെന്നും ആവശ്യമെങ്കിൽ 2,000 രൂപ വെച്ച് പ്രതിമാസം തരാം എന്ന മറുപടിയാണ് കിട്ടിയത്. തൻ്റെ ആവശ്യങ്ങൾക്ക് പണം എടുക്കാൻ കഴിയുമെന്നുള്ള ഉത്തമ വിശ്വാസത്തിലാണ് ബാങ്കിൽ ഇദ്ദേഹം പണം നിക്ഷേപിച്ചത്. ബാങ്കിൻ്റെ ഈ പ്രവൃത്തിക്കെതിരെയാണ് കമ്മീഷനെ സമീപിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കുകയും എതിർകക്ഷികൾ കോടതിയിൽ ഹാജരായി പത്രിക സമർപ്പിക്കുകയും ചെയ്തു. ഇരുകക്ഷികളും കമ്മീഷനിൽ ഹാജരാക്കിയ രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ ഹർജിക്കാരൻ്റെ അന്യായം ന്യായമാണെന്നു കമ്മീഷനു ബോദ്ധ്യപ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിൽ ബാങ്കിൻ്റെ പ്രസിഡന്റ് ബഷീറും സെക്രട്ടറി റോസമ്മ ജയിംസും ഹർജികക്ഷിയുടെ ഫിക്‌സഡ് ഡെപ്പോ സിറ്റ് തുകയായ 3,00,000 രൂപയും, 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിചിലവും ചേർത്ത് 3,15,000 രൂപ ഒരു മാസത്തിനകം കൊടുക്കണമെന്നും വീഴ്ച വരുത്തുകയാണെങ്കിൽ എതിർകക്ഷികളുടെ സ്വത്തുക്കളിൽ നിന്നും ഈ തുക ഈടാക്കിയെടുക്കാൻ ഹർജികക്ഷിക്ക് അവകാശമുണ്ടായിരിക്കുന്നതാണെന്നും കമ്മീഷൻ ഉത്തരവിടുകയാണുണ്ടായത്.
കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.