ചെങ്ങന്നൂർ: ദേശത്തിൻ്റെ ഐക്യത്തിനും മനുഷ്യരുടെ സൗഖ്യത്തിനുമായി വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്നു വന്ന ബൈബിൾ പാരായണം സമാപിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും ലോകം നേരിടുന്ന യുദ്ധ ഭീഷണിയുടെ സാഹചര്യത്തിലും കൂടിയാണ് ഇടവക മിഷൻ്റെ നേതൃത്വത്തിൽ ഇദം പ്രഥമമായി ഇത്തരത്തിൽ ഒരു ബ്രഹദ് സംരംഭം നടത്തിയത്. ആഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ 8 ന് ആരംഭിച്ച പാരായണ യഞ്ജം 10 ശനി യാഴ്ച രാത്രി 10 മണിക്കാണ് സമാപിച്ചത്. രണ്ടു ദിവസത്തിന്
ശേഷം ജനങ്ങളുടെ ആഗ്രഹം മാനിച്ച്കൂടുതൽ പേർക്ക് പങ്കാളിത്തം നൽകാൻ അത് രാത്രി 10 മണി വരെ തുടർന്നു. 75 മണിക്കൂർ സമയം വായനയ്ക്കായി ചെലവഴിച്ചപ്പോൾ ഇടവകയിലെ വിവിധ സംഘടനയിൽ പെട്ട 450 പേരാണ് പങ്കെടുത്തത്. വചന കേൾവിക്കാരായും ഇടവകയിലെ ധാരാളം വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്നു.
പഴയ, പുതിയ നിയമ പുസ്തകങ്ങളിലെ ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള 66 പുസ്തകങ്ങളിലെ 1289 അദ്ധ്യായങ്ങളിലെ 31102 വാക്യങ്ങളാണ് ഭക്തി പൂർവ്വം
വായിച്ച് തീർത്തത്. 11 വയസ്സുകാരി മുതൽ 90 വയസ്സ് വരെയുള്ള വയോധികൻ വരെ പാരായണത്തിൽ പങ്കെടുത്തു. ഈ ആഴ്ചയിലെ പതിവ് പരിപാടികൾ എല്ലാം മാറ്റി വെച്ചു കൊണ്ട് ഇടവക ജനങ്ങൾ പൂർണ്ണമായും ഈ പരിപാടിയോട് സഹകരിക്കുകയായിരുന്നു. ഇടവക മിഷൻ്റെ നേതൃത്വത്തിൽ നടന്ന ഈ പരി പാടിയിൽ കൈസ്ഥാന സമിതി , സൺഡേ സ്കൂൾ , യുവജന സഖ്യം , ഗായക സംഘം , സീനിയർ സിറ്റിസൺ, ഇടവകയിലെ 28 പ്രാർത്ഥനാ കൂട്ടങ്ങളുടെ ഭാഗം തിരിച്ചുള്ള പ്രതിനിധികൾ എന്നിവർ വായനയിൽ പങ്കെടുത്തു. ഒരു ഭാഗത്തിൽ പെട്ടവർ രണ്ട്മണിക്കൂർ സമയമാണ് വായനയ്ക്കായി വിനയോഗിച്ചത്. മലയാളം , ഇംഗ്ളീഷ് , ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലാണ് ബൈബിൾ വായിച്ചത്. ഇടവക വികാരി റവ. ഡോ. സജു മാത്യു , അസിസ്റ്റൻ്റ് വികാരി റവ. നോബിൻ സാം ചെറിയാൻ , സുവിശേഷകൻ ജയിംസ് ജോയി ഇടവക മിഷൻ വൈസ് പ്രസി ഡണ്ട് രാജു വർഗീസ് , സെക്രട്ടറി ജയിംസ് കുരട്ടിയിൽ , ട്രസ്റ്റി സജി വർഗീസ് എന്നിവർ ഇടവകയുടെ ചരിത്രത്തിൽ ആദ്യമായി നടത്തിയ ബൈബിൾ പാരായണ യജ്ഞത്തിനു നേതൃത്വം നൽകി.