തിരുവല്ല: വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ തിരുവല്ലയില്‍ കൊവിഡ് രോഗി ശ്വാസംമുട്ടി മരിച്ചു. തിരുവന്‍വണ്ടുര്‍ കല്ലിശ്ശേരി എട്ടൊന്നില്‍ വീട്ടില്‍ എ.വി.തോമസാണ് മരിച്ചത്. 64 വയസായിരുന്നു. തോമസിനെ ചികിത്സിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുണ്ടായിരുന്നില്ല. വെന്റിലേറ്ററിനായി സമീപത്തെ ആശുപത്രിയില്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഏപ്രില്‍ 30ന് ആണ് തോമസിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും ഓര്‍മ്മക്കുറവും തോമസിനെ അലട്ടിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് തോമസ് പുറത്തിറങ്ങി. ഇതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയാണ് കൊവിഡ് സ്ഥിരീകരിച്ച മകന്‍ ടിനോയും ചികിത്സയില്‍ കഴിയുന്നത്. രാത്രിയോടെ ശ്വാസതടസം നേരിട്ടു.
ആദ്യ ഘട്ടത്തില്‍ തന്നെ വെന്റിലേറ്റര്‍ വേണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ സൗകര്യമില്ലാത്തതിനാല്‍ മറ്റ് ആശുപത്രികളിലും കൊണ്ടുപോയെങ്കിലും വെന്റിലേറ്റര്‍ ലഭിച്ചില്ല. ഇതോടെയാണ് മരണം സംഭവിക്കുന്നത്.