പാറ്റ്‌ന: ബിഹാര്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തിയും ജനങ്ങളെ പരിഹസിച്ചുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്രീയ വിദ്യാലയ സങ്കേതന്‍ (കെ.വി.എസ്). ബിഹാറിലെ ജഹാനാബാദ് ജില്ലയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പ്രോബേഷനറി അധ്യാപികയായി ജോലി ചെയ്തിരുന്ന ദീപാലിക്കെതിരേയാണ് അധികൃതര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. ‘രാജ്യത്തുടനീളം എത്രയോ കേന്ദ്രീയ വിദ്യാലയങ്ങളുണ്ട്. അവിടെയൊന്നും എന്നെ നിയമിക്കാതെ ഇന്ത്യയിലെ ഏറ്റവും മോശം പ്രദേശത്ത് അവര്‍ എനിക്ക് പോസ്റ്റിങ് നല്‍കി. ആളുകള്‍ക്ക് കൊല്‍ക്കത്തയില്‍ ജോലി ചെയ്യാന്‍ പൊതുവെ ഇഷ്ടമല്ല, അവിടെ പോസ്റ്റിങ് കിട്ടിയാല്‍ പോലും എനിക്ക് കുഴപ്പമില്ലായിരുന്നു. എന്റെ കൂട്ടുകാര്‍ക്ക് ഡാര്‍ജിലിങ്, സില്‍ചാര്‍, ബെംഗളൂരു തുടങ്ങിയ സ്ഥാലങ്ങളില്‍ ജോലി നല്‍കി. എന്തിനാണ് എന്നോട് മാത്രം ഇത്രം വൈരാഗ്യം’ എന്നാണ് ദീപാലി വീഡിയോയില്‍ പറയുന്നത്.
ഞാന്‍ ഈ കാര്യം തമാശയായി പറയുന്നതല്ല. ബീഹാറിന്റെ സാഹചര്യങ്ങള്‍ മാറിയെന്നതും പൊള്ളയായ അവകാശ വാദം മാത്രമാണ്. യാതൊരു പൗരബോധവുമില്ലാത്ത ജനങ്ങളാണ് ഇവിടെയുള്ളവരെല്ലാം. ഞാന്‍ ഇതെല്ലാം എല്ലാ ദിവസവും കണ്ട് മനസിലാക്കുന്ന കാര്യങ്ങളാണെന്നാണ് മറ്റൊരു വീഡിയോയിലൂടെ ഈ അധ്യാപിക ആരോപിച്ചിരിക്കുന്നത്.