പഞ്ചാബ്: 131 ദിവസത്തെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് മുതിർന്ന കർഷക നേതാവായ ജഗ്ജിത് സിംഗ് ദല്ലേവാൾ. വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകൽ ഉൾപ്പെടെയുള്ള പ്രക്ഷോഭകരായ കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ വർഷം നവംബർ 26 ന് ആയിരുന്നു ജഗ്ജിത് സിംഗ് ദല്ലേവാൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും റെയിൽവേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്.
പഞ്ചാബിലെ ഫത്തേഗഢ് സാഹിബ് ജില്ലയിലെ സിർഹിന്ദിൽ സംഘടിപ്പിച്ച ‘കിസാൻ മഹാപഞ്ചായത്ത്’ എന്ന പരിപാടിയിലാണ് ദല്ലേവാൾ തന്റെ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. “നിങ്ങൾ (കർഷകർ) എല്ലാവരും മരണം വരെയുള്ള നിരാഹാരം അവസാനിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. പ്രക്ഷോഭം ശ്രദ്ധിച്ചതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വികാരങ്ങളെ ഞാൻ മാനിക്കുന്നു. നിങ്ങളുടെ ഉത്തരവ് ഞാൻ അംഗീകരിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നിവയുടെ സംയുക്ത ഫോറത്തിന്റെ മുതിർന്ന നേതാവാണ് ദല്ലേവാൾ.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനായി കഴിഞ്ഞ വർഷം നവംബർ 26 ന് അദ്ദേഹം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ജനുവരിയിൽ കേന്ദ്രം കർഷക നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചതിനുശേഷം ഖനൗരി പ്രതിഷേധ സ്ഥലത്ത് വൈദ്യസഹായം സ്വീകരിക്കാൻ തുടങ്ങിയെങ്കിലും ദല്ലേവാൾ നിരാഹാരം അവസാനിപ്പിച്ചില്ല. ശനിയാഴ്ച കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ദല്ലേവാളിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചിരുന്നു. മെയ് 4 ന് കർഷക പ്രതിനിധികളുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു