മലപ്പുറം : വെട്ടം പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ വിജയിച്ച ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം സിപിഎം അംഗം രാജിവെച്ചു. കെടി റുബീനയാണ് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ചത്.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് രണ്ട് യുഡിഎഫിന് രണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു അംഗങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റെ വോട്ട് കിട്ടിയതോടെ രണ്ടിനെതിരേ മൂന്ന് വോട്ടുകള്‍ക്ക് സിപിഎം അംഗം ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വെട്ടം പഞ്ചായത്തില്‍ 20 അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫിന് ഒന്‍പതും യുഡിഎഫിന് 10ഉം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരംഗവുമാണ് ഉള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വിട്ടുനിന്നിരുന്നു.