പത്തനംതിട്ട : സ്വന്തം കൃഷിയിടത്തിൽ നിന്നും വിളവെടുത്ത പാവക്കയും പടവലങ്ങയുമായി ആന്റോ ആന്റണിയും ഭാര്യ ഗ്രേസും രാവിലെതന്നെ വെട്ടൂരിലെ നാട്ടുചന്തയില്‍ എത്തി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജും ഭാര്യ സിനിയും മൂന്ന് തേൻവരിക്കച്ചക്കയും ഒരു ചാക്ക് അരിയുമായി എത്തി. തേന്‍ വരിക്ക കണ്ടതോടെ ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോയെ കണ്ണു കാണിച്ചു. എല്ലാം മനസ്സിലായെന്ന രീതിയില്‍ ഭാര്യയെ ഒന്ന് കണ്ണിറുക്കിക്കാണിച്ച് ഒന്നുമറിയാത്തതുപോലെ നാട്ടു ചന്തയിലെ സ്ഥിരം കച്ചവടക്കാരനെപ്പോലെ ആന്റോ നിന്നു. ഈ സമയമത്രയും ബാബു ജോര്‍ജ്ജിന്റെ നോട്ടം ആന്റോ ആന്റണി കൊണ്ടുവന്ന പാവക്കയിലും പടവലങ്ങയിലുമായിരുന്നു. പാവക്ക ജ്യുസ് സ്ഥിരം കഴിക്കുന്നതുകൊണ്ട് വിഷമടിക്കാത്ത പാവക്ക എവിടെകണ്ടാലും അത് മുഴുവന്‍ കൈക്കലാക്കിയെ ബാബു ജോര്‍ജ്ജ് അടങ്ങു. ഡി.സി.സി പ്രസിഡന്റിന്റെ ആഗ്രഹം അറിഞ്ഞെന്നപോലെ ആന്റോ പാവക്കയും പടവലങ്ങയും വെച്ചുനീട്ടി. പകരം രണ്ട് തേന്‍ വരിക്ക വേണമെന്ന് പറഞ്ഞു. എന്നാല്‍ പാവക്കയുടെ അളവ് കുറവായതുകൊണ്ട് രണ്ട് തേന്‍ വരിക്ക തരാന്‍ പറ്റില്ല , ഒന്ന് തരാം എന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. അത് പറ്റില്ലെന്ന് ആന്റോ ആന്റണി. ഒടുവില്‍ നാട്ടു ചന്തയുടെ നടത്തിപ്പുകാരന്‍ വെട്ടൂര്‍ ജ്യോതി പ്രസാദ് ഇടനില നിന്ന് കച്ചവടം ഉറപ്പിച്ചു. ആന്റോ ആന്റണി കൊണ്ടുവന്ന പാവക്കയും പടവലങ്ങയും ബാബു ജോര്‍ജ്ജിന് നല്‍കി, പകരം ബാബു ജോര്‍ജ്ജ് കൊണ്ടുവന്ന തേന്‍ വരിക്കയില്‍ വലുതൊരെണ്ണംതന്നെ ആന്റോ ആന്റണിക്ക് കൈമാറി.
പൊയ്പോയ കാർഷിക സമൃദ്ധിയുടെ പുനരാവിഷ്കാരമായ നാട്ടുകർഷക കൂട്ടായ്മ വീണ്ടും ഒരുക്കിയത് ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദ് ആണ്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വെട്ടൂരില്‍ ഇന്ന് നടന്ന നാട്ടു ചന്ത ഏറെ ശ്രദ്ധേയമായി. പഴയ ബാർട്ടർ മോഡൽ നാട്ടുചന്തയിൽ നിരവധി പ്രമുഖര്‍ കാണാനെത്തി. പണം നല്‍കി സാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിന് അപ്പുറം ഒരു കാലമുണ്ടായിരുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നാട്ടുച്ചന്തയില്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് കൊടുക്കുകയും പകരം തങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അവരില്‍നിന്നും വാങ്ങുകയും ചെയ്യുന്ന ബാർട്ടർ സബ്രദായം. അതിവിടെ പുനരാവിഷ്ക്കരിക്കുകയായിരുന്നു ജ്യോതി പ്രസാദ്. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ ആയിരുന്നു പഴയ നാട്ടുചന്ത ആദ്യം പുനരാവിഷ്ക്കരിച്ചത്. അദ്ദേഹത്തിന്റെ വാര്‍ഡില്‍ നടത്തിയ ചന്ത ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. കൊറോണയും ലോക്ക് ഡൌണും മൂലം കയ്യില്‍ പണമില്ലാതെ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് പഴയ ബാർട്ടർ സബ്രദായം പരിചയപ്പെടുത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശമെന്ന് ജ്യോതി പ്രസാദും പ്രവീണ്‍ പ്ലാവിളയിലും പറയുന്നു.
നാട്ടുകാരായ കർഷകർക്കൊപ്പം എം.പിയും രാഷ്ട്രീയ നേതാക്കളുമൊക്കെ എത്തിയതോടെ നാട്ടു ചന്ത കൊഴുത്തു. ചന്തയുടെ നടത്തിപ്പും മേല്‍നോട്ടവും ജ്യോതി പ്രസാദും ഭാര്യ ജയശ്രീയും ഏറ്റെടുത്തു. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യന്റെ വകയായി സൌജന്യ വിതരണത്തിന് എത്തിച്ച 400 പച്ചക്കറി കിറ്റുകൾകൂടി എത്തിയതോടെ ചന്ത ഉഷാറായി. പത്തനംതിട്ട നഗരത്തില്‍ താമസിക്കുന്ന മുന്‍ നഗരസഭാ ചെയര്‍മാന്‍കൂടിയായ എ. സുരേഷ് കുമാര്‍ മത്തങ്ങയും ചേമ്പും കൈമാറാന്‍ കൊണ്ടുവന്നിരുന്നു. കെ.പി.സി.സി അംഗം പി.മോഹൻ രാജ് തേങ്ങയും, എം.സി ഷെരീഫ് മാങ്ങയും, റോജി പോൾ ഡാനിയേൽ ഏത്തക്കയും, തട്ടയിൽ ഹരികുമാർ സ്വന്തം ഫാമിലെ നാട്ടൻ കോഴിമുട്ടയും കൊണ്ടുവന്നു.
രാവിലെ മുതൽ കർഷകർ ചക്ക, കപ്പ, മാങ്ങ, തേങ്ങ, വാഴക്ക, കൂമ്പ്, ഓമക്ക, വഴുതനങ്ങ, ചേന, ചേമ്പ്, വാട്ടു കപ്പ, ചക്കക്കുരു, കോവക്ക, കറിവേപ്പില, ചീര, മുരിങ്ങയില, തഴുതാമ, ചേമ്പില, മത്തയില, ചേമ്പിൻ താൾ, തുടങ്ങി വിവിധ നാട്ടു സാധനങ്ങൾ എത്തിച്ച് ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് ഗതകാലസ്മരണ അയവിറക്കി സംതൃപ്തിയോടെ മടങ്ങി.
ഉച്ചക്ക് ഒരു മണിയോടെ ചന്ത പിരിഞ്ഞതിനു ശേഷം നാട്ടുകൂട്ടായ്മ ഭാരവാഹികളായ ബിജു വിജയ വിലാസം, ജയ്സൻ പീടികയിൽ, വിജയകുമാർ വാണ്യത്ത്, ബീനോയി മണക്കാട് എന്നിവർ വെട്ടൂരിലെ 8, 9 വാർഡുകളിലെ 400 വീടുകളിൽ സൌജന്യമായി പച്ചക്കറി കിറ്റുകൾ, പച്ചക്കറി വിത്ത്, ബാല പ്രസിദ്ധീകരണങ്ങൾ എന്നിവ എത്തിച്ചു.
കോവിഡ് പ്രതിസന്ധിക്കുശേഷം നാട്ടുചന്ത വിപുലീകരിക്കുമെന്നും ഇത് തുടര്‍ച്ചയായി നടത്തുമെന്നും വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു.
© All Rights Reserved @ Prakash Inchathanam