ശബരിമല : കുംഭമാസ പൂജകൾ നടക്കുന്ന ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറി. ഇന്നലെ അരലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് എത്തിയത്. ഇവരെ നിയന്ത്രിക്കാൻ സന്നിധാനത്തും പതിനെട്ടാംപടിയിലും താഴെ തിരുമുറ്റത്തും വലിയ നടപ്പന്തലിലുമായി 60 പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. മരക്കൂട്ടം മുതൽ സന്നിധാനം, മാളികപ്പുറം വരെയുള്ള ഭാഗങ്ങളിലേക്ക് പോലീസ് സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് സർക്കിൾ ഇൻസ്‌പെക്ടർമാർ, 12 എസ്.ഐ മാർ, 138 സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരാണ് എത്തിയത്. ബോംബ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമുണ്ട്.
ഇതിൽ പകുതിയോളം പേരെ ഒരേസമയം ഡ്യൂട്ടിയിലുണ്ടാകു . തിരക്ക് നിയന്ത്രിക്കാൻ ഇന്നലെ ദേവസ്വം ഗാർഡുകളും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസിന്റെ സഹായത്തിനെത്തി. ഒരു മിനിറ്റിൽ കുറഞ്ഞത് 80 പേരെയെങ്കിലും കടത്തിവിടേണ്ട പതിനെട്ടാംപടിയിൽ ആറ് പോലീസുകാർ മാത്രമേ ഉള്ളായിരുന്നു. ഇതോടെ ഒരു മിനിറ്റിൽ 40ൽ താഴെപ്പേരേ കടത്തിവിടാനായുള്ളു. എട്ടുമണിക്കൂറിലധികം തീർത്ഥാടകർക്ക് ക്യൂ നിൽക്കേണ്ടിയും വന്നു.