ദുബായ് : ഭാര്യയെ അവസാനമായി ഒരുനോക്കു കാണാന്‍ വിജയകുമാര്‍ ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും. യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപള്ളിയുടെ നിരന്തര ശ്രമഫലമായി ശനിയാഴ്ച വൈകിട്ടുള്ള കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ വിജയകുമാര്‍ യാത്ര തിരിക്കും. ഭാര്യ മരിച്ചതറിഞ്ഞ് നാട്ടില്‍ പോകാന്‍ ശ്രമിച്ച് നടക്കാതെ വന്നപ്പോള്‍ വിമാനത്താവളത്തിന് മുന്നില്‍ പൊട്ടികരഞ്ഞ വിജയകുമാര്‍ കൊറോണ കാലത്തെ പ്രവാസ മണ്ണിലെ നൊമ്പര കാഴ്ചയായിരുന്നു. പ്രായമായ അമ്മ മാത്രമാണ് പാലക്കാട് കൊല്ലങ്കോട്ടെ വീട്ടിലുള്ളത്. ഹൃദയാഘാതം മൂലം മരിച്ച ഭാര്യ ഗീതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് മരണം അല്ലെന്ന് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
രണ്ട് പതിറ്റാണ്ടോളം തനിയ്ക്കൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവളുടെ മൃതദേഹം അവസാനമായി ഒന്നു കാണണം അതിനായി എങ്ങനെയെങ്കിലും നാട്ടില്‍ എത്തിക്കണമെന്നപേക്ഷിച്ച് ഇദ്ദേഹം എംബസിയെ സമീപിച്ചിരുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുന്നയിടത്ത് വിജയകുമാറിനെ ആദ്യഘട്ടത്തില്‍ പരിഗണിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. തനിക്ക് വേണ്ടി ആരെങ്കിലും മാറിത്തരുമോ എന്ന് പോലും ഗതികേട് കൊണ്ട് ഈ അമ്പതു വയസ്സുകാരന് യാചിക്കേണ്ടിവന്നു.
കണ്ണൂരിലേക്കുള്ള വിമാനത്തില്‍ ഒരു സീറ്റ് ഇദ്ദേഹത്തിന് വേണ്ടി ആരെങ്കിലും നല്‍കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അടക്കം യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആരും മാറികൊടുക്കാന്‍ തയ്യാറായിരുന്നില്ല. അധികൃതരില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഒടുവില്‍ ശനിയാഴ്ച കൊച്ചിയിലേക്ക് യാത്ര തരമായത്. യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനും ഇന്‍കാസ് ഭാരവാഹിയുമായ അഡ്വ.ടി.കെ ഹാഷികാണ് വിജയകുമാറിനുള്ള ടിക്കറ്റെടുത്തു നല്‍കിയത്. വിജയകുമാറിന്റെ വേദന തന്നെ ഏറെ സ്പര്‍ശിച്ചെന്നും പരസ്പരം സഹായിക്കുക എന്ന പ്രവാസിയുടെ കടമയാണ് താന്‍ നിര്‍വ്വഹിച്ചതെന്നും ഹാഷിക് പറഞ്ഞു.