പത്തനംതിട്ട: ലോക്ഡൌൺ കാലത്ത് പല മേഖലകൾക്കും സര്‍ക്കാര്‍ ഇളവുകൾ കൊടുത്തപ്പോൾ കാർഷിക മേഖലയെ തഴഞ്ഞത് കർഷകർക്ക് വലിയ ഇരുട്ടടിയായി. വേനൽമഴയും വന്യജീവി ആക്രമണവും മൂലം വിളകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. വലിയ പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍ കടന്നുപോകുന്നത്.
കാര്‍ഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ മാർക്കറ്റുകൾ തുറക്കാത്തത് കർഷക കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങുന്ന കടകള്‍ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തുറക്കുവാന്‍ അനുവദിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. കൃഷി ഭവനുകൾ നേരിട്ട് കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങി അർഹമായ വില നല്‍കിയാല്‍ കർഷകർ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധിവരെ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.