തിരുവല്ല: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികൾ , മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി അവരുടെ ആഗ്രഹപ്രകാരം അവരെ നാട്ടിലെത്തിക്കുവാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാട്ടുന്ന അനീതിക്കെതിരെ കേരള യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ നടത്തിയ ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടിക്കുറച്ച എം പി ഫണ്ട് പുനഃസ്ഥാപിക്കണമെന്നും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഉണ്ടായിരുന്ന വിദേശികളെ അതാതു രാജ്യത്തെ സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് പ്രത്യേക വിമാനത്തില്‍ കൊണ്ടുപോയി. എന്നാല്‍ വിദേശരാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടും സ്വന്തം പൌരന്മാരെ തിരികെ നാട്ടിലെത്തിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കേരള മുഖ്യമന്ത്രിക്ക് കഴിയുന്നുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് (എം )ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, അനീഷ് വി ചെറിയാൻ, ജോമോൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.